24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ‘ഗൗരവത്തോടെ കാണുന്നു, വിശദമായ അന്വേഷണം’; ഒടുവിൽ പ്രതികരിച്ച് ബോട്ട്
Uncategorized

‘ഗൗരവത്തോടെ കാണുന്നു, വിശദമായ അന്വേഷണം’; ഒടുവിൽ പ്രതികരിച്ച് ബോട്ട്

ദില്ലി: ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് ബോട്ട്. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വ്യക്തിവിവര സംരക്ഷണത്തിന് കമ്പനി മുന്‍ഗണന നല്‍കുന്നുണ്ടെന്നും ബോട്ട് വക്താവ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് 75 ലക്ഷത്തിലധികം വരുന്ന ബോട്ട് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പേര്, മേല്‍വിലാസം, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, കസ്റ്റമര്‍ ഐഡി തുടങ്ങിയ വിവരങ്ങളാണ് ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫോബ്‌സ് ഇന്ത്യയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഷോപ്പിഫൈഗയ് എന്ന് പേരുള്ള ഹാക്കറാണ് വിവര ചോര്‍ച്ചയ്ക്ക് പിന്നിലെ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളും ഷോപ്പിഫൈഗയ് പുറത്തുവിട്ടിരുന്നു. വ്യക്തിവിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ വില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യക്തിപരമായ വിവരങ്ങള്‍ പെട്ടെന്ന് ലീക്കാകുമെന്നതിന് പിന്നാലെ വലിയ തട്ടിപ്പുകള്‍ക്ക് ഉപയോക്താക്കള്‍ ഇരയാകാനുള്ള സാധ്യതകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ്, ഐഡന്റിറ്റി മോഷ്ടിച്ച് കൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയിലേക്ക് ഇത് എത്തിച്ചേക്കാം എന്നാണ് സൂചന. കമ്പനി നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്നും, പ്രശസ്തി ഇല്ലാതായേക്കാമെന്നും ‘ത്രെട്ട് ഇന്റലിജന്‍സ് റിസേര്‍ച്ചര്‍’ സൗമ്യ ശ്രീവാസ്തവ പറയുന്നു. സുരക്ഷ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും സൗമ്യ പറയുന്നു. ടൈംലൈന്‍ അനുസരിച്ച് ബോട്ട് ഉപയോക്താക്കളുടെ വിവരങ്ങളിലേക്ക് ഹാക്കര്‍മാര്‍ക്ക് ആക്‌സസ് കുറഞ്ഞത് ഒരു മാസം മുന്‍പായിരിക്കാം എന്നാണ് സൂചന.

സ്മാര്‍ട് വാച്ചുകള്‍, സ്പീക്കറുകള്‍, ഇയര്‍ഫോണുകള്‍ എന്നീ ഉത്പന്നങ്ങളുടെ മേഖലയിലെ രാജ്യത്തെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡുകളിലൊന്നാണ് ബോട്ട്. ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പറേഷന്‍ (ഐഡിസി) റിപ്പോര്‍ട്ടനുസരിച്ച് 2023ലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വെയറബിള്‍ ബ്രാന്‍ഡാണ് ബോട്ട് എന്ന പ്രത്യേകതയുമുണ്ട്. റിയാലിറ്റി ഷോ ആയ ഷാര്‍ക്ക് ടാങ്കിലെ വിധികര്‍ത്താവായ അമന്‍ ഗുപ്തയും സമീര്‍ മേത്തയും ചേര്‍ന്ന് 2016ലാണ് ബോട്ട് കമ്പനി സ്ഥാപിച്ചത്.

Related posts

ദീപു വീട്ടിൽ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി, പോയത് കോയമ്പത്തൂരിലേക്ക്, കളിയിക്കാവിള കൊലയിൽ വൻ ദുരൂഹത

Aswathi Kottiyoor

ചാലക്കുടിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

വീണ്ടും പാക് ഹണിട്രാപ്പ്; മിലിറ്ററി ഡ്രോൺ വിവരങ്ങൾ ചോർത്തി നൽകി യുവാവ്

Aswathi Kottiyoor
WordPress Image Lightbox