21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • പുകപരിശോധന, കേരളത്തിലെ കള്ളക്കളി കേന്ദ്രം കയ്യോടെ പൊക്കി! പണി വാങ്ങി ഈ വാഹന ഉടമകൾ!
Uncategorized

പുകപരിശോധന, കേരളത്തിലെ കള്ളക്കളി കേന്ദ്രം കയ്യോടെ പൊക്കി! പണി വാങ്ങി ഈ വാഹന ഉടമകൾ!

വാഹന മലിനീകരണം സംബന്ധിച്ച കേന്ദ്ര നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ കേരളം പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പിടിമുറുക്കുന്നു. കേന്ദ്ര മാനദണ്ഡങ്ങൾക്കനുസൃതമായി പെട്രോൾ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് അവഗണിച്ചതായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ആരോപണം ഉയർന്നത്. ഇതോടെ പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ എന്നും കേന്ദ്രചട്ടപ്രകാരമാണ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകൾ.

ഭാരത് സ്റ്റേജ് (ബിഎസ്) 4, 6 വിഭാഗങ്ങളിൽ വരുന്ന പെട്രോൾ വാഹനങ്ങളുടെ മലിനീകരണം വിലയിരുത്തുന്നതിനായി 2019 മുതൽ കേന്ദ്ര സർക്കാർ ലാംഡ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ, പരിശോധനാ കേന്ദ്രങ്ങളുടെ നവീകരണത്തിൻ്റെ ആവശ്യകത, സാങ്കേതിക വെല്ലുവിളികൾ തുടങ്ങിയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഈ നിർദേശം നടപ്പാക്കുന്നതിൽ അലംഭാവം കാട്ടിയെന്നും മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സമാനമായി പുതിയ രീതി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും കേരള സർക്കാർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

ഇതോടെ ഇക്കാര്യത്തിൽ കേന്ദ്രം കർശന നിലപാട് സ്വീകരിച്ചു. പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ല. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച മാര്‍ച്ച് 17 മുതല്‍ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് വിജയിച്ചതെന്നും 8.85 ശതമാനം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 1.6 ശതമാനമായിരുന്നു മുമ്പ് പരാജയപ്പെട്ടിരുന്നത്. പഴയ സംവിധാനത്തില്‍ ആദ്യ രണ്ടാഴ്ച അഞ്ചുലക്ഷം വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 8128 എണ്ണമാണ് പരാജയപ്പെട്ടത്. എന്നാൽ മാര്‍ച്ച് 17-നുശേഷം പുതിയ രീതിയില്‍ 4,11,862 വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാജയനിരക്ക് 35,574 ആയി എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.എസ്. 4 പെട്രോള്‍ ഇരുചക്ര-നാലുചക്ര വാഹനങ്ങളില്‍ ബഹിര്‍ഗമന വാതകങ്ങളുടെ അളവ് വിശകലനം (കാര്‍ബണ്‍മോണോക്‌സൈഡ് കറക്ഷന്‍) ചെയ്യുന്നത്. ഇന്ധനജ്വലനത്തില്‍ പോരായ്മയുണ്ടെങ്കില്‍ വാഹനങ്ങള്‍ പുക പരിശോധനയില്‍ പരാജയപ്പെടും. എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളില്‍ മാറാതിരിക്കുമ്പോഴും, കാര്‍ബറേറ്ററില്‍ അടവുണ്ടാകുമ്പോഴും മലിനീകരണത്തോത് കൂടും. ഇന്ധനക്ഷമത കുറയുന്നതുവഴി വാഹന ഉടമയ്ക്ക് സാമ്പത്തിക നഷ്‍ടവും ഉണ്ടാകും. പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടുമെത്തിച്ചാല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്‍ടമാകും. സര്‍ട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 1500 രൂപ പിഴ അടക്കേണ്ടിവരും.
പഴയ വാഹനങ്ങൾ കൈവശം വച്ചിരിക്കുന്നവരാണ് മലിനീകരണ പരിശോധനയിൽ കൂടുതലും പരാജയപ്പെടുന്നത്. വാഹനം ടെസ്റ്റിൽ പരാജയപ്പെട്ടാലും വാഹന ഉടമകളിൽ നിന്ന് പണം വാങ്ങുന്നത് പല മലിനീകരണ കേന്ദ്രങ്ങളും പതിവാക്കിയിട്ടുണ്ടെന്നും ഇതും ഇത്തരം കേന്ദ്രങ്ങളിൽ തർക്കം ഉയരാൻ കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം അന്തരീക്ഷ മലിനീകരണം ലഘൂകരിച്ച് ഗതാഗത സംവിധാനം മെച്ചപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധതയാണ് ഏറ്റവും പുതിയ നിർദ്ദേശങ്ങൾ അടിവരയിടുന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പെട്രോൾ വാഹനങ്ങളിലെ ശരിയായ ഇന്ധന ജ്വലനം എക്‌സ്‌ഹോസ്റ്റ് എമിഷൻ കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതമാണ്. പരീക്ഷണ വേളയിൽ എഞ്ചിൻ വേഗത (റിവല്യൂഷൻസ് പെർ മിനിട്ട്-ആർപിഎം) പോലുള്ള ഘടകങ്ങൾ പരിഗണിച്ച് ലാംഡ ടെസ്റ്റ് എമിഷൻ ലെവലുകൾ നിർണ്ണയിക്കുന്നു.

Related posts

‘വയറുവേദനയാരുന്നു, ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു’; അഞ്ചാം ക്ലാസുകാരിയുടെ മരണം, നെഞ്ച് നീറി അച്ഛൻ

Aswathi Kottiyoor

മെഡിക്കല്‍ കോളേജില്‍ ആദ്യമായി ലീനിയര്‍ ഇബസും റേഡിയല്‍ ഇബസും*

Aswathi Kottiyoor

അമ്മയെ ക്ഷേത്ര ശ്മശാനത്തിൽ അടക്കി, എല്ലാത്തിനും മൂകസാക്ഷിയായി ശ്രുതി; സബിതയെ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിൽ

Aswathi Kottiyoor
WordPress Image Lightbox