36ാം വയസിൽ 2000ത്തിലാണ് ജീവിത പ്രാരാബ്ധങ്ങൾ പേറി ഹാജറാബി വീട്ടുജോലിക്കായുള്ള വിസയിൽ റിയാദിൽ വന്നിറങ്ങുന്നത്. ആദ്യത്തെ അഞ്ച് വർഷം എയർപോർട്ടിൽനിന്ന് കൂട്ടിക്കൊണ്ട് പോയ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തെങ്കിലും ദുരിതങ്ങൾ സഹിക്കാൻ കഴിയാത്തത് കൊണ്ട് അവിടെ നിന്നിറങ്ങി. തുടർന്ന് പരിചയത്തിലുണ്ടായിരുന്ന ചില ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ പ്രസവ ശുശ്രൂഷ ജോലികൾ ചെയ്ത് വരികയായിരുന്നു കഴിഞ്ഞ 24 വർഷവും.
കൈവശം ഒരു താമസ രേഖയുമുണ്ടായിരുന്നില്ല. നാട്ടിലേക്ക് മടങ്ങാൻ തടസ്സമായതും ഇതാണ്. 2000 ത്തിൽ ഇവിടെയെത്തിയിരുന്നെങ്കിലും ജവാസത് (പാസ്പോർട്ട്) രേഖകളിൽ ഹാജറാബിയുടെ വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്താനായത്. നിലവിലെ പാസ്പോർട്ടിൽ റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയതിെൻറ രേഖയും ബോർഡർ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ടുള്ള ഒരു രേഖകളും ജവാസത്തിെൻറ പക്കൽ ഇല്ലാത്തതാണ് വിലങ്ങ് തടിയായത്. വിസ സംബന്ധമായ തട്ടിപ്പിന്നിരയായതാവാം ഇത്തരത്തിൽ സംഭവിക്കാനിടയായതെന്ന് സാമുഹിക പ്രവർത്തകർ പറയുന്നു.