ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ടത്. മൂളിയന്തോട് നിർമാണത്തിലിരുന്ന വീട്ടിൽ ബോംബുണ്ടാക്കാൻ പത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് വിവരം. എന്നാൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇതുവരെയും പൊലീസിന് നിര്‍ദ്ദേശം നൽകിയിട്ടില്ല.
സംഘത്തിൽ ഉള്ളവരിൽ രണ്ട് പേർ കസ്റ്റഡിയിൽ ഉണ്ടെന്നു വിവരമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ഷെറിൻ, ഗുരുതരമായി പരിക്കേറ്റ വിനീഷ് എന്നിവരെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തികളെ അപായപ്പെടുത്തണമെന്ന ഉദേശത്തോടെ ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ചുവെന്നാണ് എഫ്ഐആറിലുളളത്. പരിക്കേറ്റവർ കോഴിക്കോടും പരിയാരത്തും ചികിത്സയിലുണ്ടെങ്കിലും പ്രതി ചേർത്തിട്ടില്ലെന്നാണ് വിവരം.
ലോട്ടറി കച്ചവടക്കാരനായ മനോഹരന്‍റെ പണിതീരാത്ത വീട്ടിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്.
അയൽക്കാരനായ വിനീഷ് സുഹൃത്ത് ഷെറിൻ വിനോദ്, അക്ഷയ് എന്നിവർക്കും ഗുരുതര പരിക്കേറ്റു. നെഞ്ചിലും മുഖത്തും ചീളുകൾ തെറിച്ചുകയറിയ ഷെറിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ബോംബ് നിർമിക്കാൻ എല്ലാ സൗകര്യങ്ങളൊരുക്കിയെന്ന് കരുതുന്ന, പരിക്കേറ്റ വിനീഷ് സിപിഎം അനുഭാവിയാണ്.
എന്നാൽ സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിലുൾപ്പെടെ പ്രതികളാണ് സ്ഫോടനത്തിൽ പരിക്കേറ്റവർ. ക്വട്ടേഷൻ സംഘങ്ങളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് വിവരം. മുന്നേ തളളിപ്പറഞ്ഞവരെന്നും അരാഷ്ട്രീയ സംഘങ്ങളെന്നും സിപിഎമ്മും വ്യക്തമാക്കുന്നു.
എന്നാൽ അവരുടെ സ്വാധീനമേഖലയിൽ, പാർട്ടിയുമായി നേരത്തെ ബന്ധമുണ്ടായിരുന്നവർ, പാർട്ടി പ്രാദേശിക നേതാവിന്‍റെ മകനുൾപ്പെടുന്ന സംഘം എന്തിനാണ് ബോംബ് നിർമിക്കാൻ പുറപ്പെട്ടത്? ആർക്ക് വേണ്ടിയാണ് ബോംബുണ്ടാക്കിയത്? സംഘത്തിലുണ്ടായിരുന്ന മറ്റുളളവരുടെ പശ്ചാത്തലമെന്താണെന്ന ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്.