ഐപിഎല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നിന്‍റെ നിറംകെടുത്തുമോ സ്റ്റേഡിയത്തിലെ വൈദ്യുതി പ്രശ്നം എന്ന ആശങ്ക സജീവമാണ്. സണ്‍റൈസേഴ്സ്- സിഎസ്കെ മത്സരം തുടങ്ങും മുമ്പേ പ്രശ്നം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പരിഹരിക്കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. ഇരു ടീമുകളും പരിശീലന സെഷനുകള്‍ പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ഉപ്പല്‍ സ്റ്റേഡിയത്തില്‍ വൈദ്യുതിയില്ലാതെ മത്സരം സംഘടിപ്പിക്കാനാവില്ല. മത്സരം നടക്കുമോ എന്ന ആശങ്ക ആരാധകരെയും നിരാശപ്പെടുത്തിയിട്ടുണ്ട്. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യം ആരാധകർ ഉയർത്തിക്കഴിഞ്ഞു. എം എസ് ധോണി എത്തുന്ന മത്സരമായതിനാല്‍ ഇരു ടീമുകളുടെയും ആരാധകർ വലിയ പ്രതീക്ഷയോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്. ഇന്നത്തെ പോരാട്ടം മാറ്റിവെക്കേണ്ടി വന്നാല്‍ അത് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും സണ്‍റൈസേഴ്സിനും വലിയ തിരിച്ചടിയാവും.
രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം ആരംഭിക്കേണ്ടത്. ഏഴ് മണിക്കാണ് ടോസ് നിശ്ചയിച്ചിരിക്കുന്നത്. മികച്ച ബാറ്റിംഗ് യൂണിറ്റുകളുള്ള ടീമുകള്‍ ഏറ്റുമുട്ടുന്നതാണ് മത്സരത്തിന്‍റെ ആവേശം കൂട്ടുന്നത്. മൂന്ന് കളികളില്‍ രണ്ട് ജയമുള്ള ചെന്നൈ സൂപ്പർ കിംഗ്സ് പോയിന്‍റ് പട്ടികയില്‍ മൂന്നും ഒരു ജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏഴും സ്ഥാനത്താണ് നിലവില്‍. കണക്കിലെ കളിയിൽ ചെന്നൈക്കാണ് മുൻതൂക്കം. ഇരു ടീമുകളും ഐപിഎല്ലിൽ 19 തവണ ഏറ്റുമുട്ടിയപ്പോള്‍ സിഎസ്കെ 14 കളിയിൽ ജയിച്ചപ്പോൾ ഹൈദരാബാദിന് ജയിക്കാനായത് 5 തവണ മാത്രം.