രാജസ്ഥാനിലെ ജുൻജു ജില്ലയിലെ കൻവാർപുര ബാലാജി ഗ്രാമത്തിലാണ് സംഭവം നടന്നത്. സൈനികനായ വികാസ് ഭാസ്‍കർ (25) കഴിഞ്ഞ 24-ാം തീയ്യതി നാട്ടിൽ വെച്ചുതന്നെ നടന്ന ഒരു വാഹനാപകടത്തിൽ മരിച്ചുവെന്ന വിവരമാണ് പുറത്തുവന്നത്. പിന്നാലെ പൊലീസും മറ്റ് അധികൃതരുമെല്ലാം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി വീട്ടുകാർ അന്ത്യകർമങ്ങളും ചെയ്തു. എന്നാൽ ആറ് ദിവസങ്ങൾക്ക് ശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇയാൾ വീട്ടിൽ തിരിച്ചെത്തി. അന്നുതന്നെ ശാരീരിക അവശതകൾ കരണം ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസം യഥാർത്ഥത്തിൽ തന്നെ മരണം സംഭവിക്കുകയായിരുന്നു.
സംഭവം ജുൻജു പൊലീസ് സൂപ്രണ്ട് രാജ് റിഷി വർമ സ്ഥിരീകരിച്ചു. അപകടത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവാവ് നാടകീയമായി വീട്ടിൽ എത്തിയതെന്നും ഉടൻ പൊലീസ് ഉടൻ തന്നെ വീട്ടിൽ എത്തി പരിശോധിച്ചപ്പോൾ ആരോഗ്യനില മോശമാണെന്ന് കണ്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിൽ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മരണ ശേഷം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്.
മരണപ്പെട്ട വികാസ് ഭാസ്‍കറിന്റെ ഫാമിൽ ജോലി ചെയ്തിരുന്ന തൊഴിലാളി മഹേഷ് മേഘ്വാളിനെ കാണാതായിട്ടുണ്ട്. സ്വന്തം മരണം കെട്ടിച്ചമയ്ക്കാൻ മഹേഷിനെ വാഹനത്തിലിട്ട് കൊന്നിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. എന്നൽ ഇക്കാര്യം ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. സൈന്യത്തിൽ കശ്മീരിൽ നിയമിതനായ വികാസിന് ഓൺലൈൻ ട്രേഡിങിലൂടെ 15 ലക്ഷം രൂപ നഷ്ടം വന്നിരുന്നു. ഇത് പരിഹരിക്കാനായാണ് ഒരു ഇൻഷുറൻസ് പോളിസി എടുത്ത ശേഷം സ്വന്തം മരണം തന്നെ വ്യാജമായി സൃഷ്ടിച്ചത്. ഒരു ബന്ധുവിന്റെ സഹായവും ഇതിന് ലഭിച്ചു. ഇരുവരും ചേർന്ന് തൊഴിലാളിയെ കാറിനുള്ളിലിട്ട ശേഷം തീയിടുകയായിരുന്നു എന്നാണ് സൂചന. മഹേഷിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.