ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുമ്പോഴും നിരവധി പേരാണ് ദിനംപ്രതി സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയാകുന്നത്. വാട്ട്‌സ് ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളാണ് തട്ടിപ്പിന്റെ പ്രധാന കേന്ദ്രം. കവടിയാർ സ്വദേശിനിയായ യുവതിക്ക് ഇന്നലെ നഷ്ടമായത് 27 ലക്ഷത്തിലധികം രൂപയാണ്. ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ടാസ്‌കുകൾ നൽകി പണം തട്ടുകയായിരുന്നു തട്ടിപ്പുകാർ. യുവതിയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു.
തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴും പ്രതികളെ പിടികൂടാൻ പോലീസിൽ ആകുന്നില്ല. അന്വേഷണം എത്തുന്നത് ഇടനിലക്കാരിലേക്ക് മാത്രമാണ്. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സൈബർ പോലീസ് ബോധവൽക്കരണം നടത്തുന്നതിടെയാണ് തട്ടിപ്പുകളുടെ എണ്ണത്തിലെ ഈ വർധന. സൈബർ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നതാണ് പ്രധാന കാരണം. ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്ന സംഘങ്ങളെ കുറിച്ചു ഉൾപ്പെടെ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.