കോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയെന്ന ആരോപണത്തിൽ അന്വേഷണ സംഘം ആശയക്കുഴപ്പത്തിൽ. ഓഫീസിൽ കഞ്ചാവ് കൃഷി നടന്നുവെന്ന് മൊഴി നൽകിയ ഫോറസ്റ്റ് വാച്ചർ തന്റെ മൊഴി തിരുത്തിയതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. അതേസമയം കഞ്ചാവ് കൃഷി നടന്നിരുന്നു എന്ന് തെളിയിക്കുന്നതിനായി താനും പാച്ചേരി ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസറും തമ്മിലുള്ള ഫോൺ സംഭാഷണം, റെയിഞ്ച് ഓഫീസർ ബിആര്‍ ജയൻ അന്വേഷണ സംഘത്തിന് കൈമാറി.
തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴി നൽകിപ്പിച്ചതെന്ന് ഫോറസ്റ്റ് വാച്ചർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഇന്നോ നാളെയോ അന്വേഷണ സംഘം വനം വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. എന്നാൽ ഓഫീസിൽ കഞ്ചാവ് കൃഷി നടന്നിരുന്നോ ഇല്ലയോ എന്ന പ്രാഥമികമായ ചോദ്യത്തിന് പോലും അന്വേഷണ സംഘം ഇതുവരെ കൃത്യമായി മറുപടി നൽകുന്നില്ല.
കഞ്ചാവ് കൃഷി നടന്നുവെന്ന തരത്തിൽ റെയിഞ്ച് ഓഫീസർ ബിആര്‍ ജയൻ നൽകിയ റിപ്പോർട്ടിൽ പ്രധാന സാക്ഷിയായി പറഞ്ഞിരുന്നത് ഫോറസ്റ്റ് വാച്ചർ അജേഷിന്റെ മൊഴിയായിരുന്നു. എന്നാൽ അദ്ദേഹം ആ മൊഴിയിൽ നിന്ന് പിന്നോട്ട് പോയി. ഓഫീസിലെ ഉദ്യോഗസ്ഥരെ പലരെയും ചോദ്യം ചെയ്തെങ്കിലും അവിടെ കഞ്ചാവ് കൃഷി നടന്നുവെന്നത് സംബന്ധിച്ചോ അത് കണ്ടതായോ ആരും പറയുന്നുമില്ല. കഞ്ചാവ് കൃഷി നടന്നതിന്റെ മറ്റ് തെളിവുകളുമില്ല.
എന്നാൽ കഞ്ചാവ് കൃഷി നടന്നുവെന്ന് റിപ്പോർട്ട് നൽകിയ റെയിഞ്ച് ഓഫീസർ ബിആര്‍ ജയൻ ഫോൺ സംഭാഷണമെന്ന പേരിൽ ഒരു ഓഡീയോ ക്ലിപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. താനും പ്ലാച്ചേരിയുടെ ചുമതലയുള്ള ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറും തമ്മിലുള്ള ഫോൺ സംഭാഷണമാണ് ഇതെന്നാണ് ബിആര്‍ ജയൻ പറഞ്ഞത്. എന്നാൽ ഇതിന്റെ ആധികാരികത സ്ഥിരീകരിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
ഈ സംഭാഷണത്തിലുള്ള ശബ്ദം തന്റേതല്ലെന്നും കൃത്രിമമായി ചമച്ചതാണെന്നും ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറും പറയുന്നു. പല തരത്തിലുള്ള ആരോപണങ്ങളുണ്ടാവുമെന്നും അതിന്റെ ഭാഗമായി മാത്രമേ ഈ ഫോൺ സംഭാഷണത്തെയും കാണുന്നുള്ളൂ എന്നുള്ള രീതിയിലാണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം. കഞ്ചാവ് കൃഷി നടന്നതായി പറയുന്ന റിപ്പോർട്ടിൽ ചില വനിതാ ഉദ്യോഗസ്ഥരുടെ പേരുകൾ ബിആര്‍ ജയൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവരാരും ഏതാനും മാസങ്ങളായി പ്ലാച്ചേരിയിൽ ജോലി ചെയ്യുന്നവരല്ല എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെ മനഃപൂർവം ആരോപണത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമമാണെന്നാണ് അനുമാനം. വനം വകുപ്പിനാകെ അപമാനകരമായി മാറിയ സംഭവത്തിൽ ഇന്നോ നാളെയോ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കുമ്പോൾ അതിന്മേൽ വനം വകുപ്പ് മന്ത്രിയുടെ നിലപാടായിരിക്കും നിർണായകം.