ആലപ്പുഴ: ശോഭ സുരേന്ദ്രൻ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി ആയതോടെ എല്‍ഡിഎഫ്- യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഉറക്കം പോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രൻ ആലപ്പുഴയില്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്നും കെ സുരേന്ദ്രൻ.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടുമായി സിപിഎമ്മിന് രഹസ്യധാരണയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സിപിഎം നിരോധിത മത-തീവ്ര സംഘടനകളുമായി ബാന്ധവത്തിന് ശ്രമിക്കുന്നു, എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫ് ശബരിമലയിലേക്ക് യുവതികളെ കയറ്റിവിടാൻ നേതൃത്വം കൊടുത്ത ആളാണെന്നും കെ സുരേന്ദ്രൻ.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും ആനി രാജയ്ക്കുമെതിരെ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുക കെ സുരേന്ദ്രനാണ്. ഇന്നലെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത ഭാഷയില്‍ ആക്ഷേപവുമായി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.
വയനാട്ടില്‍ രാഹുല്‍ വന്നതിനെക്കാള്‍ തവണ ആനകള്‍ വന്നിട്ടുണ്ടെന്നും ടൂറിസ്റ്റ് വിസയിലാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. രാഹുല്‍ ഗാന്ധി വരും, രണ്ട് പൊറോട്ട കഴിക്കും, ഇൻസ്റ്റഗ്രാമില്‍ രണ്ട് പോസ്റ്റിടും, പോകും, വയനാട്ടിലെ ഒരു പ്രശ്നത്തിലും ഇടപെടില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അതേസമയം വോട്ടുചോദിക്കുമ്പോള്‍ വയനാട്ടില്‍ ബിജെപിക്ക് മുന്നോട്ടുവയ്ക്കാൻ അജണ്ടയൊന്നുമില്ലെന്ന് ഇടത് സ്ഥാനാര്‍ത്ഥി ആനി രാജയും വിമര്‍ശനമുന്നയിച്ചു.