ഭരണസിരാ കേന്ദ്രത്തിന്റെ മുന്നിൽ നിന്ന് തുടങ്ങുന്നൊരു ചെറിയ റോഡ്. റോഡ് ചെറുതെങ്കിലും അത്ര ചെറുതല്ലാത്ത തിരക്കായിരുന്നു എപ്പോഴും. സെക്രട്ടറിയേറ്റ്, ജനറൽ ആശുപത്രി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അണമുറിയാതെ വാഹനങ്ങളും വഴിയാത്രക്കാരും പോയിരുന്ന വഴിയിൽ ഇന്നിറങ്ങിയാൽ അതൊരു ഒന്നൊന്നര യാത്രയാകും.
അനിശ്ചിതമായി കടകളച്ചിട്ടതോടെ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്. മനുഷ്യാവകാശ കമ്മീഷൻ വരെ ഇടപെട്ടിട്ടും റോഡ് എന്ന് തുറന്ന് കൊടുക്കുമെന്ന് പറയാൻ പോലും അധികൃതര്‍ക്ക് കഴിയുന്നില്ല. റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണത്തിന്റെ ചുമതല. 2023ൽ പണികൾ തുടങ്ങിയതാണ്. നാല് കോടി നാൽപ്പത്തി ഏഴ് ലക്ഷത്തി എൻപത്തിയ്യായിരം രൂപയാണ് റോഡ് സ്മാർട്ടാക്കാനുള്ള ചെലവ്.
പണി തീർക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞ കാലാവധി തീരാൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പക്ഷേ ഓട നിർമാണം പോലും പൂർണമായി കഴിഞ്ഞിട്ടില്ല. ഇനി പൈപ്പിടണം, മണ്ണിട്ട് നികത്തി റോഡ് ടാറിടണം. ഈ പണിയൊക്കെ എന്നുതീരുമാനെന്നാണ് നാട്ടുകാരുടെ ചോദ്യം.