30 ലക്ഷം മുടക്കിയ കെട്ടിടവും മാലിന്യസംസ്കരണ പ്ലാന്റും ഇന്ന് നാശത്തിന്റെ വക്കിലാണ്. അറവുമാലിന്യം നിക്ഷേപിക്കുന്നത് തുറസ്സായ സ്ഥലത്തും. വളപട്ടണം മാർക്കറ്റിന് പിന്നിൽ തോട്ടിലാണ് ഇപ്പോൾ അറവു മാലിന്യമടക്കം തള്ളുന്നത്. മൂക്ക് പൊത്താതെ ഈ പരിസരത്തേക്ക് അടുക്കാനാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കൊട്ടിഘോഷിക്കപ്പെട്ട് നടപ്പിലാക്കിയ പഞ്ചായത്തിന്‍റെ ആധുനിക അറവുശാല 2004ൽ പണി പൂർത്തിയായതാണ്. 30 ലക്ഷം രൂപയാണ് അറവുശാലയ്ക്കും മാലിന്യ സംസ്കരണ പ്ലാന്റിനുമായി മുടക്കിയത്. എന്നാൽ നിർമ്മാണം കഴിഞ്ഞ് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഹൈ ടെക്ക് അറവുശാല ഉപയോഗ ശൂന്യമാണ്. മാലിന്യം തളളാൻ സ്ഥലമില്ലാത്തതായിരുന്നു ആദ്യം പ്രശ്നം. അത് പരിഹരിക്കാൻ ബയോഗ്യാസ് പ്ലാന്‍റിന് ലക്ഷങ്ങൾ വേറെയും ചെലവാക്കി. എന്നാൽ ഫലമുണ്ടായില്ല.
ജനവാസ മേഖലയിലാണ് അറവുശാലയെന്നതായി പിന്നീട് പ്രശ്നം. മാലിന്യം തള്ളുന്നതിന് നാട്ടുകാരും എതിരായതോടെ എല്ലാ പ്രതീക്ഷയും തകടം മറിഞ്ഞു, ഇതോടെ ഹൈടെക്ക് അറവുശാലയും മിലന്യപ്ലാന്‌റും കാടുമൂടി തുടങ്ങി. കൃത്യമായ പ്ലാനിങ്ങില്ലാതെ നടപ്പാക്കിയ പദ്ധതി പെരുവഴിയിലായതോടെ കാടുമൂടിയത് ലക്ഷങ്ങളാണെന്ന് പൊതുപ്രവർത്തകനായ അദീപ് റഹ്മാൻ പറയുന്നു. അറവുശാല ഇനി എന്ത് ചെയ്യുമെന്ന് പഞ്ചായത്തിനും പിടിയില്ല.