തിരുവനന്തപുരം: പുന്നമൂട് മാർക്കറ്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് പഴകിയ മത്സ്യം. വർക്കല പുന്നമൂട് മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്ക് എത്തിച്ചതിൽ 35 കിലോയോളം പഴകിയ മത്സ്യമാണ് കണ്ടെത്തിയത്. മൊബൈൽ ലാബിന്റെ സഹായത്തോടെയാണ് വിൽപനയ്ക്ക് എത്തിച്ച മത്സ്യങ്ങൾ പരിശോധന നടത്തിയത്.
ചൂര, കണ്ണൻ കൊഴിയാള എന്നിവയിൽ അടക്കം പഴകിയ മത്സ്യങ്ങൾ ഉണ്ടായിരുന്നു. പിടിച്ചെടുത്ത പഴകിയ മത്സ്യങ്ങൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു. മാർക്കറ്റിൽ പഴകിയ മത്സ്യവില്പന സ്ഥിരമാണെന്നുള്ള പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഫുഡ് ആൻഡ് സേഫ്റ്റി വർക്കല സർക്കിൾ ഓഫീസർ ഡോ.പ്രവീൺ ആർ.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മണൽ വിതറി മത്സ്യം വിൽക്കുന്ന പ്രവണത ഇപ്പോഴും കണ്ട് വരുന്നതായി ഡോ.പ്രവീൺ പറഞ്ഞു.