കൊച്ചി: തനിക്കെതിരെ ക്രിമിനല്‍കേസ് കൊടുത്ത് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് തടയാന്‍ കലാമണ്ഡലം സത്യഭാമ ശ്രമിച്ചിട്ടുണ്ടെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. കലാമണ്ഡലത്തില്‍ പഠിക്കുന്ന കാലത്തെ അനുഭവം പങ്കുവെച്ചാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. കാലടി സംസ്‌കൃത സര്‍വ്വകലാശാല കാമ്പസ് യൂണിയന്‍ ഒരുക്കിയ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെണ്‍വേഷം കെട്ടി മോഹിനിയാട്ടം കളിക്കാന്‍ താല്‍പര്യമില്ലെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. നര്‍ത്തകനെതിരായ സത്യഭാമയുടെ അധിക്ഷേപത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം അദ്ദേഹത്തിന് പിന്തുണ വര്‍ധിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കാലടി സര്‍വ്വകലാശാലയിലും രാമകൃഷ്ണന് വേദിയൊരുക്കിയത്.
ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകള്‍-
കേരള കലാമണ്ഡലത്തില്‍ ഞാന്‍ പഠിച്ചുകൊണ്ടിരിക്കെയാണ് സത്യഭാമ ഭരണസമിതി അംഗമായി വരുന്നത്. അവിടം മുതല്‍ ഞാന്‍ നേരിട്ടത് കടുത്ത മാനസിക പീഡനമായിരുന്നു. നീ മോഹിനിയാട്ടത്തില്‍ പി എച്ച് ഡി ചെയ്യുന്നത് കാണട്ടെ, നിന്റെ മോഹിനിയാട്ടം ഞാന്‍ ശരിയാക്കി തരും എന്നൊക്കെ ഭീഷണിപ്പെടുത്തി. നിവൃത്തിയില്ലാത്ത ഘട്ടം വന്നപ്പോള്‍, ഞാന്‍ കള്ളനാകും എന്ന അവസ്ഥ വന്നപ്പോള്‍ അവരുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ എനിക്ക് പുറത്തുവിടേണ്ടി വന്നു. അതിനുപുറമെ നിയമനടപടിയുമായി മുന്നോട്ട് പോകേണ്ടി വന്നു. ഞാന്‍ കൊടുത്ത ഒരു കേസിനെതിരെ അവര്‍ മൂന്ന് കേസ് കൊടുത്തു. ക്രിമിനല്‍ കേസായിരുന്നു ഒന്ന്. പിഎസ്‌സി പരീക്ഷയെഴുതി ജോലിക്ക് കയറാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. ഇത്രയും ആസൂത്രിതമായി കലാകാരനെ നശിപ്പിക്കാനുള്ള നിലപാടായിരുന്നു അത്. വഴിയോരങ്ങളില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് പ്രതിഷേധിക്കും. പെണ്‍വേഷം കെട്ടി മോഹിനിയാട്ടം കളിക്കാന്‍ താല്‍പര്യമില്ല. ഇങ്ങനെയേ ചെയ്യൂ.