24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കും, അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകണം: മന്ത്രി ശിവൻകുട്ടി
Uncategorized

അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കും, അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകണം: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അനന്തുവിന്റെ കുടുംബത്തെ വിഴിഞ്ഞത്ത് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബി ഡി എസ് വിദ്യാർത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അതുകൂടി പരിഗണിച്ചു കൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകേണ്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകും. ഒരു കുട്ടിയുടെ കാലു മുറിക്കുന്ന സംഭവം അടക്കം ഇത്തരത്തിൽ നിരവധി വിഷയങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാൻ ആകില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ ജനങ്ങളുടെ സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. ഉയർന്നു വന്ന വിഷയങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അനന്തുവിന്റെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു.കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.

അതേസമയം, സംഭവത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പ്രദേശത്ത് നിരന്തരമായി ഇത്തരത്തിലുള്ള അപകടങ്ങൾ നടക്കുന്നതായി നാട്ടുകാർ പറയുന്നു. അനന്തുവിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഇന്നലെയാണ് ശരീരത്തിൽ കല്ലുവീണ് അനന്തു മരിക്കുന്നത്. രാവിലെ കോളേജിലേക്ക് പോയ മകന്റെ മരണ വാർത്തയാണ് മാതാപിതാക്കൾ അറിയുന്നത്. അനന്തുവിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് മൂന്നു തവണ ഹൃദ​യാഘാതം ഉണ്ടായെന്ന് അനന്തുവിന്റെ അച്ഛന്റെ സഹോദരൻ പറഞ്ഞു. ആദ്യത്തെ ശസത്രക്രിയക്ക് കൊണ്ടുപോയപ്പോൾ തന്നെ ശസ്ത്രക്രിയ ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. ശരീരത്തിന്റെ ഉള്ളിലുള്ളതെല്ലാം തകർന്നുപോയിരുന്നു. കല്ല് വീണ് ആന്തരികാവയവങ്ങളെല്ലാം തകർന്നുപോയിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായും അച്ഛന്റെ സഹോദരൻ പറയുന്നു.

Related posts

ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് ക്ലീനറുടെ കൈ ഒടിഞ്ഞു

Aswathi Kottiyoor

വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’, വിവാദ പോസ്റ്റ്; സിപിഎം ഏരിയ കമ്മിറ്റി ഇന്ന് ചേരും

Aswathi Kottiyoor

‘കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ DYFI ഇതുവരെ വിതരണം ചെയ്തത് 14 ലക്ഷം പൊതിച്ചോറുകള്‍’: വി കെ സനോജ്

Aswathi Kottiyoor
WordPress Image Lightbox