28.9 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കോടതിയലക്ഷ്യ നോട്ടിസ് വേണോ ? മലയാളി അഭിഭാഷകനോട് ചൂടായി ചീഫ് ജസ്റ്റിസ്; ഇലക്ടറൽ ബോണ്ട് കേസിൽ നാടകീയ രംഗങ്ങള്‍
Uncategorized

കോടതിയലക്ഷ്യ നോട്ടിസ് വേണോ ? മലയാളി അഭിഭാഷകനോട് ചൂടായി ചീഫ് ജസ്റ്റിസ്; ഇലക്ടറൽ ബോണ്ട് കേസിൽ നാടകീയ രംഗങ്ങള്‍

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രിംകോടതിയിൽ നടന്ന ചൂടുപിടിച്ച വാദത്തിനിടെ മലയാളി അഭിഭാഷകനോട് ക്ഷോഭിച്ച് ചീഫ് ജസ്റ്റിസ്. കോടതി വിധിയെ ചോദ്യംചെയ്ത മാത്യൂസ് നെടുമ്പാറയെയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രൂക്ഷമായ ഭാഷയിൽ ശകാരിച്ചത്. ഇത് പാർക്കിലെ ചർച്ചയല്ലെന്നും ഇങ്ങോട്ട് ഒച്ചയുണ്ടാക്കരുതെന്നും പറഞ്ഞ് അഭിഭാഷകനെ അടക്കിനിർത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.
പൗരന്മാരുടെ അറിവില്ലാതെയാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നടത്തിയ വിധിയെല്ലാമെന്നായിരുന്നു അഭിഭാഷകൻ ഇടപെട്ട് വിമർശിച്ചത്. ഇത് ഒരിക്കലും നീതീകരിക്കാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു നയപരമായ കാര്യമാണ്. കോടതി ഇടപെടേണ്ട വിഷയമല്ല. അതുകൊണ്ടാണ് തങ്ങൾ അറിയാതെയാണ് ഇത്തരമൊരു വിധി നടത്തിയതെന്ന തോന്നൽ ജനങ്ങൾക്കുള്ളതെന്നും മാത്യൂസ് നെടുമ്പാറ വിമർശിച്ചു.

അഭിഭാഷകൻ ശബ്ദമുയർത്തിയതോടെ ചീഫ് ജസ്റ്റിസ് ഇടപെട്ടു. തന്നോട് ബഹളമുണ്ടാക്കരുതെന്ന് നിർദേശിച്ചു. അതിനുശേഷവും സംസാരം തുടർന്നതോടെ ജ. ചന്ദ്രചൂഡ് ഭാഷ കടുപ്പിച്ചു: ‘ഇത് ഹൈഡ് പാർക്ക് കോർണർ യോഗമല്ല. താങ്കൾ കോടതിയിലാണ് നിൽക്കുന്നത്. എന്തെങ്കിലും അപേക്ഷ നൽകാനുണ്ടെങ്കിൽ അത് ഫയൽ ചെയ്യണം. താങ്കളുടെ വാദം കേൾക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്ക് ഞാൻ പറയുന്നു. വേണമെങ്കിൽ അപേക്ഷ ഇ-മെയിൽ വഴി സമർപ്പിച്ചോളൂ. അതാണ് കോടതിയിലെ നടപടിക്രമം’-ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും മാത്യൂസ് സംസാരം തുടർന്നതാണ് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചത്. അഭിഭാഷകനെ നിയന്ത്രിക്കാനായി ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബി.ആർ ഗവായിയും ഇടപെട്ടു. കോടതി നടപടികളെ തടസപ്പെടുത്തുകയാണ് താങ്കളെന്നു പറഞ്ഞ ജ. ഗവായി കോടതിയലക്ഷ്യ നോട്ടിസ് വേണോ എന്നു ചോദിക്കുകയും ചെയ്തു. ഇതോടെ മാത്യൂസ് നെടുമ്പാറ അടങ്ങുകയായിരുന്നു. കേസിൽ ആർക്കു വേണ്ടിയാണ് അഭിഭാഷകൻ ഹാജരായതെന്നു വ്യക്തമല്ല.

അതേസമയം, ഇലക്ടറൽ ബോണ്ട് കേസിൽ നിലപാട് കടുപ്പിക്കുകയാണ് സുപ്രിംകോടതി. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് 2019 ഏപ്രിൽ 12 മുതലുള്ള മുഴുവൻ വിവരങ്ങളും എസ്.ബി.ഐ പുറത്തുവിടണമെന്നാണു കഴിഞ്ഞ ദിവസം ഉത്തരവിട്ടിരിക്കുന്നത്. ആൽഫാ ന്യൂമറിക് നമ്പറുകളും സീരിയൽ നമ്പറുകളും പുറുത്തുവിടണമെന്ന് കോടതി നിർദേശിച്ചു. വ്യാഴാഴ്ച അഞ്ചു മണിക്കുമുൻപ് എല്ലാ വിവരങ്ങളും എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു വിവരവും പിടിച്ചുവച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.

ഹരജി പരിഗണിച്ചപ്പോൾ എസ്.ബി.ഐക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. ഇലക്ടറൽ ബോണ്ടിലെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയൽ നമ്പർ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സുപ്രിംകോടതി ചോദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരാണ് ഇലക്ടറൽ ബോണ്ടിൽ വാദം കേൾക്കുന്ന സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

Related posts

പത്തനംതിട്ട കൂടല്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ പണം തട്ടിയ പ്രതി കോടതിയില്‍ കീഴടങ്ങി

Aswathi Kottiyoor

രക്തബന്ധമുള്ള കുട്ടിയെങ്കിൽ വന്ദനയെ ഒറ്റയ്‌ക്കാക്കുമായിരുന്നോ? പൊലീസിനെതിരെ സുരേഷ് ഗോപി

Aswathi Kottiyoor

കണ്ണൂരിലെ അനുഷ്ക ശബ്ദത്തിലേക്ക് തിരികെയെത്തി, കേൾക്കുന്നുണ്ട്, ഹാപ്പിയാണ്; വഴികാട്ടിയായത് വാർത്ത!

Aswathi Kottiyoor
WordPress Image Lightbox