കൽപ്പറ്റ ബി എസ് എൻ എൽ കോർട്ടേഴ്സിലെ കുട്ടികളുടെ പാർക്കിൽ കളിക്കുന്നതിനിടെയാണ് ഇരിപ്പിടത്തിലെ കമ്പിയുടെ ദ്വാരത്തിൽ കുട്ടിയുടെ കൈവിരൽ കുടുങ്ങിയത്. വിരൽ പുറത്തെടുക്കാൻ കഴിയാതെ കുട്ടി നിലവിളിക്കാൻ തുടങ്ങിയതോടെ കൽപ്പറ്റ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി കമ്പി അറുത്തു മാറ്റി. പരിക്കില്ലാതെ തന്നെ കുട്ടിയെ രക്ഷപ്പെടുത്തി. സംഭവത്തെ കുറിച്ച് കുട്ടിയുടെ അമ്മ കുറിച്ചതിങ്ങനെ-
“ഫയർമാൻ എന്ന ഫിലിമിൽ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗ് ഉണ്ട് 101 ഡയൽ ചെയ്യുന്ന ഏതൊരാൾക്കും ഒരു വിശ്വാസം ഉണ്ട്. മറ്റൊരാൾക്കും കഴിയാത്ത ഒരു കാര്യം കേരള ഫയർ ഫോഴ്സ് ചെയ്യും എന്നൊരു വിശ്വാസം.
എന്‍റെ കുഞ്ഞു മകന്റെ കളിക്കിടയിൽ സംഭവിച്ചു പോയ ഒരു അബദ്ധം. എല്ലാം പരീക്ഷിച്ചു നോക്കുന്ന ആറ് വയസുകാരൻ അവന്റെ കുഞ്ഞു വിരൽ പാർക്കിലെ ഇരുമ്പ് കമ്പിയിലെ ഒരു കുഞ്ഞു ദ്വാരത്തിൽ ഇട്ട് വച്ചു. അമ്മേ സഞ്ജുന്റെ വിരൽ കുടുങ്ങിപ്പോയി വലിച്ചിട്ടു കിട്ടുന്നില്ല എന്ന് അപ്പു ഓടി വന്നു പറയുമ്പോൾ മനസ്സിൽ വന്നത് ഫയർ ഫോഴ്സ് എന്നത് മാത്രം ആയിരുന്നു.
എന്‍റെ വിരൽ കിട്ടുന്നില്ല അമ്മേ, എനിക്ക് വേദനിക്കുന്നു എന്ന് എന്റെ കുഞ്ഞ് പറഞ്ഞപ്പോഴും അവനോടും പറഞ്ഞത് ഫയർ ഫോഴ്സ് വരും എന്റെ കുഞ്ഞിന്റെ വിരൽ ഒന്നും പറ്റാതെ എടുത്ത് തരും എന്നായിരുന്നു. ഒരു പോറൽ പോലും ഏൽക്കാതെ എന്‍റെ കുഞ്ഞിന്റെ വിരൽ എടുത്തു തന്ന കൽപ്പറ്റ ഫയർ ഫോഴ്സ് ടീമിനോട് ഒരു നന്ദി വാക്കുപോലും പറയാൻ പറ്റിയിരുന്നില്ല.
നന്ദി 101 ഡയൽ ചെയ്യുമ്പോൾ എനിക്ക് ഉണ്ടായിരുന്ന വിശ്വാസം അതുപോലെ കാത്തതിന്. നന്ദി നേരിട്ട് പറയാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ അപ്പോൾ. ഈ പോസ്റ്റ് നിങ്ങൾ ആരെങ്കിലും കാണുമോ എന്നും എനിക്കറിയില്ല. നന്ദി”
അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പി എം അനിൽ, ഫയർമാൻമാരായ കെ എ അനൂപ്, ധനേഷ് കുമാർ എംപി, സി ആർ മിഥുൻ, എം വി ദീപ്തലാൽ എന്നിവരങ്ങിയ സംഘമാണ് കുട്ടിയെ രക്ഷിക്കാനെത്തിയത്.