കാസർകോട്: നോമ്പ് കാലമായതോടെ കാസർകോട് മൗവ്വലിൽ സമൂസ നിർമ്മാണവും വിൽപ്പനയും തകൃതി. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അവധിയെടുത്താണ് സമൂസ നിർമ്മാണത്തിനായി ഇവിടെ യുവാക്കൾ എത്തിയത്.
യുഎഇയിലെ അജ്മാനിൽ നിന്ന് പത്ത് ദിവസം മുമ്പാണ് അബ്ദുള്ള നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് മൗവ്വലിലെ വിപുലമായ സമൂസ നിർമ്മാണം. അജ്മാനിൽ നിന്ന് മറ്റ് അഞ്ച് പേർ കൂടി വന്നു. ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് അവധിക്ക് വന്നവരും സുഹൃത്തുക്കളായ മുൻ പ്രവാസികളും കൂടി ചേർന്നതോടെ സമൂസയുണ്ടാക്കൽ പൊടിപൂരം.
നോമ്പുതുറക്ക് സമൂസ അവിഭാജ്യ വിഭവമായി മാറിയിട്ടുണ്ട്. ഇതാണ് ഇവരെ ഓരോ റമസാൻ കാലത്തും അവധിയെടുപ്പിച്ച് നാട്ടിലെത്തിക്കുന്നത്. കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഈ ഗൾഫുകാരുടെ സമൂസയെത്തുന്നു. നാട്ടുകാരും സുഹൃത്തുക്കളുമായവർ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തി, സമൂസ നിർമ്മാണത്തിൽ സജീവമാകുമ്പോൾ ഇവർക്കിത് നല്ലൊരു വരുമാന മാർഗം കൂടിയാണ്.