മൂന്നാർ: മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പയുടെ അക്രമം. വീണ്ടും വഴിയോര കടകൾ തകർത്തു. കഴിഞ്ഞ ദിവസവും ആന മാട്ടുപ്പെട്ടിയിൽ അക്രമം നടത്തിയിരുന്നു. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്ന് വനം വകുപ്പ് പറയുന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ രാവിലെ മാട്ടുപ്പെട്ടിയിലെ ഇക്കോ പോയിന്‍റിൽ പടയപ്പയെത്തി കട ആക്രമിച്ചിരുന്നു. പുലർച്ചെ 6.30യോടെയാണ് സംഭവം. ഏറെ നേരം ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തി. ഇതിന് ശേഷം ആര്‍ആര്‍ടി സംഘമെത്തി ആനയെ കാട്ടിലേക്ക് തുരത്തി ഓടിച്ചെങ്കിലും വീണ്ടും രാത്രി തിരികെയെത്തി. രണ്ട് വഴിയോര കടകള്‍ തകർക്കുകയും ചെയ്തു. കരിക്ക് ഉള്‍പ്പെടെയുള്ളവ തിന്നു.
കഴിഞ്ഞ ആഴ്ചയില്‍ മൂന്നാറില്‍ ടൂറിസ്റ്റുകളുടെ കാറിന് നേരെ പടയപ്പ പാഞ്ഞടുത്തതും ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. ആനയുടെ ആക്രമണത്തില്‍ കാര്‍ തകര്‍ന്നു. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല. കാട്ടിലേക്ക് തുരത്തുന്നതിന് പിന്നാലെ പടയപ്പ തിരികെ വരുന്നത് തുടരുകയാണ്. ഒരു മാസത്തിനുള്ളില്‍ മാത്രമായി ഇത് ആറാം തവണയാണ് മൂന്നാറില്‍ പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനിടെ ദേവികുളം മിഡിൽ ഡിവിഷനിൽ മറ്റൊരു കാട്ടാനക്കൂട്ടം രണ്ട് കടകൾ തകർത്തു. കടയ്ക്കുള്ളിലെ സാധനങ്ങളും കേടുപാടു വരുത്തി.