ഇരുവരും ചേര്‍ന്ന് കട്ടക്കൊമ്പനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിന്‍റെ വീഡിയോയും ഈ ഫോട്ടോകളും പ്രചരിച്ചതോടെയാണ് നടപടി. സെന്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. രവി ഫോട്ടോയും വീഡിയോയും പകര്‍ത്തി.
ഫോട്ടോയും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായത്.
നാല് ദിവസം മുമ്പ് മൂന്നാറില്‍ സെവൻമല എസ്റ്റേറ്റ്, പാര്‍വതി ഡിവിഷനില്‍ കട്ടക്കൊമ്പനിറങ്ങുകയും ഏറെ നേരം പ്രദേശവാസികള്‍ പരിഭ്രാന്തിയിലാവുകയും ചെയ്തിരുന്നു. കട്ടക്കൊമ്പനാണെങ്കില്‍ പേടിക്കണമെന്ന നിലയിലാണ് നാട്ടുകാരുടെ ചിന്ത. മുമ്പ് രണ്ട് പേരെ കൊലപ്പെടുത്തിയത് ഈ ആനയാണെന്ന സംശയമാണ് പേടിക്ക് കാരണം.
ഇത്രയും പേടിക്കേണ്ട ആനയുടെ തൊട്ടരികില്‍ പോയി നിന്ന് ഫോട്ടോ എടുത്തുവെന്നത് മരണം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കരുത്, നടപടി വേണമെന്നും സമൂഹമാധ്യമങ്ങളിലും ആവശ്യമുയര്‍ന്നിരുന്നു.