ബെംഗളൂരു: ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഹോട്ടൽ ജീവനക്കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.37 കാരിയായ ഉസ്ബകിസ്ഥാൻ സ്വദേശിന് സെറീനയെ ബുധനാഴ്ചയാണ് ബെംഗളൂരുവിലെ ജഗദീഷ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് അഞ്ചിന് ബെംഗളൂരുവിലെത്തിയ സെറീന അന്നു മുതൽ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. സംഭവത്തിൽ റോബർട്ട്, അമൃത് സോനു എന്നിവരെ ശേഷാദ്രിപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇരുവരും അസം സ്വദേശികളാണ്. ജഗദീഷ് ഹോട്ടലിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരാണ് ഇരുവരും.
വിദേശ കറൻസിയും ഐ ഫോണും തട്ടിയെടുക്കാനാണ് പ്രതികള്‍ സെറീനയെ ശ്വാസംമുട്ടിച്ചു കൊന്നതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ കേരളത്തിലേക്കാണ് പോയതെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാൻ ബംഗളൂരു പൊലീസ് പ്രത്യേക സംഘത്തിന് രൂപം നൽകിയിരുന്നു. പ്രതികളിൽ നിന്ന് 5000ന്‍റെ ഉസ്ബെക് കറൻസിയും യുവതിയുടെ ഫോണും കണ്ടെടുത്തു.
റോബർട്ടും അമൃതും അനുവാദമില്ലാതെ മുറിയിൽ പ്രവേശിച്ചത് സെറീന ചോദ്യംചെയ്തിരുന്നു. പ്രതികളിലൊരാളെ സെറീന തല്ലി. തുടർന്ന് പ്രതികൾ സെറീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പണവും ഫോണുമായി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെറീനയെ കൊലപ്പെടുത്തിയ ശേഷം മുറി പൂട്ടി ഇവർ ഹോട്ടലിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കൊലപാതകത്തിൽ ഇവരുടെ പങ്ക് വ്യക്തമായത്.