കൊച്ചി: ആലുവ കമ്പനിപ്പടിയിൽ റോഡിൽ പാറിപ്പറന്നത് 500 നോട്ടുകൾ. കണ്ണിൽ കണ്ടവരെല്ലാം പൈസ വാരിയെടുത്തു. കാര്യം എന്തെന്നറിയും മുമ്പ് നാൽപതിനായിരവും പലരുടെയും പോക്കറ്റിലായി. കച്ചവടാവശ്യത്തിനായി കളമശ്ശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പിൽ അഷ്റഫ് കൊണ്ടുപോയ പണമായിരുന്നു ഇത്. പോയതിൽ പതിനയ്യായിരം രൂപയോളം മാത്രമാണ് അദ്ദേഹത്തിന് തിരിച്ചുകിട്ടിയത്.
പണം നഷ്ടപ്പെട്ട സങ്കടത്തിൽ ഇരിക്കുമ്പോഴായിരുന്നു റോഡിൽ പണം പാറിപ്പറന്ന വിവരം അഷ്റഫ് അറിയുന്നത്. കമ്പിനിപ്പടിയിൽ എത്തി തിരിക്കിയപ്പോൾ സിഐടിയു അംഗമായ ചുമട്ടുതൊഴിലാളി നൌഷാദിന് 6500 രൂപ കിട്ടിയെന്ന് അറിഞ്ഞു. ആ തുക അദ്ദേഹം അഷ്റവിന് കൈമാറി. സംഭവത്തിൽ ദൃക്സാക്ഷിയായ ലോട്ടറി വിൽപ്പനക്കാരൻ തായിക്കാട്ടുകര സ്വദേശി അലിക്ക് 4500 രൂപ കിട്ടിയ വിവരം ഇന്നലെ അഷ്റഫിനെ അറിയിച്ചിരുന്നു. അലി അഷ്റഫിന് ഇന്ന് പണം കൈമാറി. ഒരു ബസ് ഡ്രൈവറും അതിഥി തൊഴിലാളിയും ഇത്തരത്തിൽ കിട്ടിയ പണം നാട്ടുകാരെ ഏല്പിച്ചിരുന്നു. ഇതടക്കം 15500 രൂപ തിരിച്ചുകിട്ടിയിട്ടുണ്ട്.
ബൈക്കിൽ നിന്നിറങ്ങി ചിലർ പണം വാരി പോയെന്ന് ലോട്ടറി കച്ചവടക്കാരനായ അലി പറഞ്ഞു. പണം കണ്ടിറങ്ങിയവർ സ്വന്തം ബൈക്ക് മറിഞ്ഞുവീണതുപോലും ശ്രദ്ധിക്കാതെയാണ് പണവുമായി പോയതെന്നും, പാവം ഒരു കച്ചവടക്കാരനാണ് അഷ്റഫ് എന്നും പണം എങ്ങനെയെങ്കിലും തിരികെ നൽകണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നതായി അഷ്റഫ് പറഞ്ഞതായും അലി പറഞ്ഞു. റോഡിലൂടെ പോയവരൊക്കെ പണം കൊണ്ടുപോയപ്പോൾ, ആരോട് ചോദിക്കുമെന്നറിയാത്ത അവസ്ഥയിലാണ് അഷ്റഫ്. പണം തിരികെ നൽകാൻ ബാക്കിയുള്ളവർ കൂടി കനിവ് കാണിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.
തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിന് സമീപം ഫ്രൂട്ട്സ് കട നടത്തുകയാണ് അഷ്റഫും സുഹൃത്ത് നജീബും. മാർക്കറ്റിൽ നിന്ന് രാവിലെ ഫ്രൂട്ട്സ് വാങ്ങി ഓട്ടോറിക്ഷയിൽ കയറ്റിവിട്ട്, പിന്നിൽ ബൈക്കിൽ വരുമ്പോഴായിരുന്നു പാന്റസിന്റെ പോക്കറ്റിൽ നിന്ന് പണം ഊർന്ന് റോഡിലേക്ക് വീണത്. പ്ലാസ്റ്റിക് കവറിലായിരുന്നെങ്കിലും വീഴ്ചയിൽ റോഡിൽ ചിതറുകയായിരുന്നു.
തിരികെ വന്ന് സിസിടിവി നോക്കിയപ്പോൾ, പോക്കറ്റിൽ പണം വയ്ക്കുന്നത് കണ്ടു. റോഡിൽ മുഴുവൻ നോക്കിയെങ്കിലും ഒന്നും കിട്ടിയില്ല. തുടർന്നാണ് സംഭവം അറിഞ്ഞത്. അതേസമയം അഷ്റഫിന് നഷ്ടമായ പണം സമാഹരിച്ച് നല്കാൻ നാട്ടുകാർ ശ്രമം തുടരുകയാണ്. ബാക്കി തുക ലഭിച്ചവരെ കണ്ടെത്തി തിരികെ നല്കുന്നതിനുള്ള ശ്രമത്തിലാണ് നാട്ടുകാർ. നേരത്തെ സോഷ്യൽ മീഡിയയിലൂടെ പ്രചാരം നല്കിയായിരുന്നു നാട്ടുകാർ പണം നഷ്ടപ്പെട്ട അഷ്റഫിനെ കണ്ടെത്തിയത്.