ഗാസിപൂരിലാണ് സംഭവം. അച്ഛൻ രണ്ട് വർഷമായി പീഡിപ്പിക്കുകയാണ് എന്നാണ് പെൺകുട്ടി സഹപാഠികളോട് പറഞ്ഞത്. അമ്മ ജോലിക്ക് പോകുമ്പോഴാണിതെന്നും കുട്ടി പറഞ്ഞു. ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് കുട്ടികളെ ബോധവത്കരിക്കുന്നതിനായി സ്കൂളുകളിൽ പതിവായി ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടെന്ന് ഗാസിപൂർ എസ്പി ഓംവീർ സിംഗ് പറഞ്ഞു. അത്തരമൊരു സെഷനിൽ പങ്കെടുത്ത ശേഷമാണ് സ്വന്തം അച്ഛനിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെയ്ക്കാൻ പെണ്‍കുട്ടിക്ക് ധൈര്യമുണ്ടായതെന്ന് എസ്പി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 39കാരനായ പിതാവിനെ അറസ്റ്റ് ചെയ്തു.
ബലാത്സംഗം, പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്തെന്നും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് പറഞ്ഞു. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്ത ശേഷം കുടുംബത്തോടൊപ്പം ഗാസിപൂരിൽ താമസിക്കാൻ തുടങ്ങി. അച്ഛനിൽ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് പെണ്‍കുട്ടി എഴുതിയ കുറിപ്പ് സഹപാഠികളാണ് അധ്യാപികയ്ക്ക് കൈമാറിയത്. സ്കൂള്‍ അധികൃതർ അറിയിച്ച പ്രകാരം ഗാസിപൂർ ചൈൽഡ് ലൈൻ കമ്മിറ്റി അംഗങ്ങള്‍ സ്‌കൂളിലെത്തി പെൺകുട്ടിയുമായി സംസാരിച്ചു. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.