ഡ്രൈവിംഗ് ലൈസൻസ് നല്‍കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പില്‍ കൂടുതല്‍ പരിഷ്കാരത്തിന് ഒരുങ്ങി മന്ത്രി ഗണേഷ്‌കുമാർ, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്‌സ് പരീക്ഷയിലും മാറ്റം നടപ്പാക്കാനാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച സൂചനകള്‍ കഴിഞ്ഞ ദിവസം ഗണേഷ് കുമാർ നല്‍കിയിരുന്നു.
ഇത് പ്രകാരം ലേണേഴ്‌സ് പരീക്ഷാ രീതിയില്‍ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണേഴ്‌സ് ടെസ്റ്റ് പാസാകാൻ കഴിയും. എന്നാല്‍ ഇനി മുതല്‍ ചോദ്യങ്ങളുടെ എണ്ണം 20-ല്‍ നിന്ന് 30 ആക്കി ഉയർത്തിയേക്കും. കൂടാതെ 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാല്‍ മാത്രമേ പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഒരു ദിവസം ഒരു ഓഫീസില്‍ നിന്ന് ഇരുപതിലധികം ലൈസൻസ് അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ചെലവില്‍ കെഎസ്‌ആർടിസി ഡ്രെെവിംഗ് സ്കൂളുകള്‍ വരാൻ പോകുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഡ്രെെവിംഗ് പരിശീലനവും ലെെസൻസിനുള്ള ടെസ്റ്റും നടത്തുന്ന തരത്തിലായിരിക്കും സ്കൂള്‍ നടത്തുക. ഇത്തരത്തില്‍ കെഎസ്‌ആർടിസി ഡ്രെെവിംഗ് സ്കൂളുകള്‍ സംസ്ഥാനത്ത് ആരംഭിച്ചാല്‍ അത് മറ്റ് സ്വകാര്യ ഡ്രെെവിംഗ് സ്കൂളുകള്‍ക്ക് ഇത് ഒരു വെല്ലുവിളിയാകും. കെഎസ്‌ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലായിരിക്കും ഡ്രെെവിംഗ് സ്കൂള്‍ തുടങ്ങുക. 23 സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ആദ്യം ഡ്രെെവിംഗ് സ്കൂള്‍ മലപ്പുറത്ത് തുടങ്ങനാണ് ആലോചന. രണ്ട് മാസത്തിനുള്ളില്‍ 10 സ്കൂളുകള്‍ തുടങ്ങാനാണ് കെഎസ്‌ആർടിസിയുടെ തീരുമാനം.ആധുനിക സൗകര്യങ്ങളുള്ള സ്കൂളായിരിക്കും തുടങ്ങുക. കാറും ജീപ്പും തുടങ്ങി ലെെറ്റ് മോട്ടോർ വാഹനങ്ങളായിരിക്കും പഠിപ്പിക്കുക. കെഎസ്‌ആർടിസിയിലെ ഡ്രെെവർമാർക്ക് ഇതിനായി പരിശീലനം നല്‍കും.ഈ കേന്ദ്രത്തില്‍ വച്ച് തന്നെ ലെെസൻസിനുള്ള ടെസ്റ്റും നടത്താനുള്ള ആലോചനയുണ്ട്. അങ്ങനെ പരിശീലനം മുതല്‍ ലെെസൻസ് വരെയുള്ള സേവനമാണ് കെഎസ്‌ആർടിസി ഡ്രെെവിംഗ് സ്കൂളിന്റെ വാഗ്ദാനം. പുതുക്കിയ ഡ്രെെവിംഗ് ടെസ്റ്റ് തുടങ്ങുന്ന ഏപ്രില്‍ ഒന്നിന് മുൻപ് ഇത് നടപ്പാക്കും. അതിനായി വിശദമായ റിപ്പോർട്ട് നല്‍കാൻ കെഎസ്‌ആർടിസി സിഎംഡി പ്രമോജ് ശങ്കറിനെ ചുമതലപ്പെടുത്തി.