റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീന്റെ സര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ. റേഷൻ കടകളിൽ സംഘർഷം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് അലി കുറ്റപ്പെടുത്തി. ഒരേ സമയം സംസ്ഥാനം മുഴുവൻ മസ്റ്റെറിങ് നടത്താൻ ആവില്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷൻ കടകളിൽ കെവൈസി നടപടികൾ വൈകുകയാണ്. പലയിടത്തും വലിയ തിരക്കാണ്. ഈ സാഹചര്യത്തിൽ മസ്റ്ററിങ് പ്രവര്‍ത്തനങ്ങൾ താത്കാലികമായി നിര്‍ത്തുന്നതായി ഭക്ഷ്യമന്ത്രി അനിൽ പറഞ്ഞു. ജനം സാങ്കേതിക തകരാര്‍ മൂലം ബുദ്ധിമുട്ടുന്നുണ്ട്. പ്രശ്നം പരിഹരിക്കാൻ ഇന്നലെയും ഐടി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മസ്റ്ററിങ്ങ് തത്കാലം നിർത്തുന്നു. തകരാർ പരിഹരിച്ച ശേഷം തുടർനടപടിയെന്നും മന്ത്രി പറഞ്ഞിരുന്നു.
അരി വിതരണം നിർത്തണം എന്ന് പറഞ്ഞിട്ടും ചിലർ അത് പാലിച്ചില്ല. റേഷൻ വിതരണം മുടങ്ങാൻ പാടില്ല. ഈ മാസത്തെ റേഷൻ വാങ്ങാൻ പറ്റിയില്ലെങ്കിൽ അടുത്ത മാസം ആദ്യം അതിനുള്ള ക്രമീക്രണം ഒരുക്കും. പ്രശ്നം പരിഹരിക്കാൻ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. മഞ്ഞ കാർഡുകാർക്ക് മാത്രം ഇന്ന് നടത്താൻ പറ്റിയാൽ അതിനുള്ള ശ്രമം നടത്തും. റേഷൻ വിതരണം ഇന്ന് സമ്പൂർണ്ണമായി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി 20 നാണ് സംസ്ഥാനത്ത് മസ്റ്ററിങ്ങ് തുടങ്ങിയത്. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾ ആകെ 1.54 കോടിയാണ്. ഇതുവരെ മസ്റ്ററിങ്ങ് പൂർത്തിയാക്കിയത് 15 ലക്ഷം കാർഡ് ഉടമകൾ മാത്രമാണ്. മാർച്ച് 31 നകം മസ്റ്ററിങ് പൂർത്തിയാക്കാനാണ് കേന്ദ്ര നിർദേശം. ഇന്ന് മുതൽ മൂന്ന് ദിവസം റേഷൻ വിതരണം നിർത്തി. ഇന്ന് രാവിലെ 9.30 വരെ 132 പേർക്ക് മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇ – പോസ്സ് മെഷീനിലെ തകരാർ ആണ് പ്രധാന പ്രശ്നം.