തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3200 രൂപ വീതമാണ് ഇതോടെ പെൻഷൻ വാങ്ങുന്നവര്‍ക്ക് ലഭിക്കുക. നേരത്തെ ഒരു മാസത്തെ ഗഡു ഇന്ന് മുതൽ വിതരണം ആരംഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടുത്തടുത്ത ദിവസങ്ങളിലായി ആകെ 4800 രൂപ പെൻഷൻ ലഭിക്കും. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത് 4800 രൂപ വീതം ഒരോരുത്തരുടെയും കൈകളിലെത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതു പോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.