കൊച്ചി: കൊച്ചി വാട്ടർ മെട്രോ ഇനി നഗരത്തിന്റെ ദ്വീപുകളിലേക്കും. നാലു ടെർമിനലുകൾ കൂടി മുഖ്യമന്ത്രി നാടിനു സമർപ്പിച്ചതോടെ ദ്വീപുകളിലെക്കുള്ള യാത്ര ദുരിതത്തിന് പരിഹാരം ആകുമെന്നാണ് പ്രതീക്ഷ. വാട്ടർ മെട്രോ അടക്കം കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെല്ലാം അവരുടേത് എന്ന രീതിയിൽ കേന്ദ്രസർക്കാർ പ്രചാരണം നടത്തുന്നു എന്ന് രൂക്ഷ വിമർശനമാണ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി ഉന്നയിച്ചത്.
കൊച്ചിയുടെ കായൽ സൗന്ദര്യം ഏറ്റവും തെളിഞ്ഞു നിൽക്കുന്ന ദ്വീപുകളിലെ കാഴ്ചകൾ ഇനി വാട്ടർ മെട്രോയിലൂടെ കൺ കുളിർക്കേ കാണാം. നഗര കുരുക്ക് പിന്നിട്ട് ബോട്ട് പിടിച്ചു വീടണയുന്ന ആധിക്കും ദ്വീപ് നിവാസികൾക്ക് ആശ്വാസമാകുന്നതാണ് പുതിയ ടെർമിനലുകൾ. മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ എത്തിയതോടെ വാട്ടർ മെട്രോയ്ക്ക് രണ്ടു റൂട്ടുകൾ കൂടിയാണ് സജ്ജമായിട്ടുള്ളത്. 9 ടെർമിനൽ 5 റൂട്ടുകൾ 13 ബോട്ടുകൾ എന്നിവയാണ് പുതിയതായി നാടിന് സമർപ്പിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ ജർമ്മൻ ഫണ്ടിങ് ഏജൻസിയിൽ നിന്ന് വായ്പയെടുത്തുമാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ ക്രെഡിറ്റ് അടിക്കാൻ കേന്ദ്ര സർക്കാർ ശ്രമം എന്നാണ് ചടങ്ങിൽ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. 20 മുതൽ 40 രൂപ നിരക്കിലാകും ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. ഞായറാഴ്ചയാണ് പൊതുജനങ്ങൾക്ക് ഈ റൂട്ടിൽ യാത്രാ സർവ്വീസ് തുടങ്ങുക. ഏലൂർ വാട്ടർ മെട്രോ സ്റ്റേഷനിലെ ഉദ്ഘാടനം ദ്വീപ് നിവാസികൾ ഒന്നാകെ ഏറ്റെടുത്തു. തിയറ്ററിൽ നിറഞ്ഞോടുന്ന മഞ്ഞുമ്മൽ ബോയ്സിലെ യഥാർത്ഥ താരങ്ങളും ആദ്യ യാത്രയ്ക്കെത്തിയിരുന്നു.
പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം തുടരുകയാണ്. പദ്ധതി പൂർത്തിയായാൽ 38 ടെർമിനലുകളിലായി 78 വാട്ടർ മെട്രോ ബോട്ടുകളാകും കൊച്ചി നഗരത്തിന്‍റെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്തുക.