തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ ഉത്തരവ്. ഇലക്ടറൽ ബോണ്ട് കേസിൽ മുഴുവൻ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കോടതി എസ്ബിഐക്ക് നോട്ടിസ് അയച്ചു. ഇലക്ടറൽ ബോണ്ട് നമ്പറുകളും വെളിപ്പെടുത്തണം. ഇലക്ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിച്ചെങ്കിലേ ബോണ്ട് വാങ്ങിയ ആൾ ഏതു രാഷ്ട്രീയ പാർട്ടിക്കാണ് പണം നൽകിയതെന്നു വ്യക്തമാകൂ എന്നും കോടതി.
“സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരാകുന്നത് ആരാണ്? ബാങ്ക് ബോണ്ട് നമ്പറുകൾ വെളിപ്പെടുത്തിയിട്ടില്ല. ബാങ്ക് ഇത് വെളിപ്പെടുത്തിയെ മതിയാകൂ”-വാദത്തിൻ്റെ തുടക്കത്തിൽ തന്നെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അതേസമയം സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ തെരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങൾ കമ്മിഷൻ ഇന്നലെ രാത്രിയോടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 15 ന് വൈകിട്ട് 5 മണിക്കുള്ളിൽ വിവരങ്ങൾ കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നായിരുന്നു കോടതി നിർദേശം.