തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം കോഴക്കേസില്‍ ആരോപണവിധേയനായ വിധികര്‍ത്താവ് പിഎൻ ഷാജി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഷാജി അടക്കമുള്ളവര്‍ക്ക് എതിരായ എഫ്ഐആര്‍ പുറത്ത്.
പരാതി നൽകിയത് എസ്എഫ്ഐ ജില്ലാ പ്രസിഡണ്ടും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ നന്ദൻ എന്നും വിധികർത്താവ് പരിശീലകരുടെ സ്വാധീനത്തിന് വഴങ്ങി ഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്നും എഫ്ഐആര്‍.
ഇന്നലെയാണ് ഷാജിയെ കണ്ണൂരിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താൻ പണം വാങ്ങിയില്ലെന്നും നിരപരാധി ആണെന്നും എഴുതിവച്ച ശേഷമായിരുന്നു ഷാജിയുടെ ആത്മഹത്യ. ഇന്ന് പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.
കേസിലെ മറ്റ് രണ്ട് പ്രതികളായ ജോമെറ്റ് മൈക്കള്‍, സൂരജ് എന്നീ നൃത്ത പരിശീലകര്‍ കേസില്‍ മുൻകൂര്‍ ജാമ്യം തേടിയിട്ടുണ്ട്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും പൊലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് ഇവരുടെ പരാതി.