ബാല്യകാലം മുതൽ തുടങ്ങിയതാണ് സജുവിന് പശുക്കളോടുള്ള കമ്പം. പിതാവിന് പത്തോളം പശുക്കൾ ഉണ്ടായിരുന്നു. ദിവസവും സജു ഇവയോടൊപ്പം ഏറെ സമയം ചിലവഴിച്ചിരുന്നു. പിന്നീട് അധ്വാനിച്ചും പാൽ വിറ്റുകിട്ടുന്ന തുകയും സ്വരൂക്കൂട്ടി പശുക്കളുടെ എണ്ണം കൂട്ടി. ഇപ്പോൾ പശുക്കളും എരുമകളുമായി 300 ലേറെ കന്നുകാലികളാണ് ഫാമിലുള്ളത്. ഇതിൽ 40 ഓളം കന്നുകുട്ടികളാണ്. ദിവസവും 2,500 ലിറ്റർ വരെ പാൽ ലഭിക്കുന്നുണ്ട്. ഒന്നര ലക്ഷത്തോളമാണ് സജുവിന്റെ ദിവസ വരുമാനം ഒരു ലക്ഷത്തോളം രൂപ ചെലവ് വരുന്നതായും സജു പറഞ്ഞു.
ഫാമിലെ 25 ലിറ്റർ പാൽ മാത്രമാണ് പ്രദേശവാസികൾക്ക് വിൽക്കുന്നത്. ശേഷമുള്ള പാൽ ഉച്ചക്കടയിലെ ക്ഷീരോല്പാദക സഹകരണ സംഘത്തിന് നൽകും. ജില്ലയിൽ സൊസൈറ്റിക്ക് ഏറ്റവും കൂടുതൽ പാൽ നൽകുന്ന കർഷകനും സജുവാണ്. മികച്ച ക്ഷീരകർഷകനുള്ള വർഗീസ് കുര്യൻ അവാർഡ് നാലുതവണയും സംസ്ഥാന സർക്കാരിന്റെ ക്ഷീര കർഷക അവാർഡ് രണ്ടു തവണയും സജുവിനെ തേടിയെത്തി. 15 വർഷമായി ക്ഷീര കർഷക മേഖലയിൽ സജീവമായിട്ടുള്ള ആൾ കൂടിയാണ് സജു.