ചെന്നൈ: വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ പരാജയമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ. പത്തുവർഷം മുമ്പ് മോദി നൽകിയ വാഗ്ദാനം ഇതുവരെയും പാലിച്ചില്ലെന്നും സ്റ്റാലിൻ ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന ആശയം ജനങ്ങളിലെത്തിക്കാൻ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ക്ക് സാധിച്ചെന്നും സ്റ്റാലിൻ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ സഖ്യത്തിന്റെ നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ ചർച്ചകൾ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം കോൺഗ്രസ്, സിപിഐഎം, സിപിഐ, വിസികെ, എംഡിഎംകെ, ഐയുഎംഎൽ, കെഎൻഎംഡികെ എന്നിവയുമായി ചേർന്ന് സീറ്റ് വിഭജനം പൂർത്തിയാക്കിയതായും. സംസ്ഥാനത്തെ 39 ലോക്‌സഭാ മണ്ഡലങ്ങളിൽ 21 എണ്ണത്തിലും ഡി.എം.കെ മത്സരിക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.
ഡി.എം.കെയുമായി സഖ്യത്തിലെത്തിയ കമൽഹാസൻ നേതൃത്വം നൽകുന്ന എംഎൻഎമ്മിൻ്റെ സ്ഥാനാർത്ഥികൾക്കായി പ്രചരണം നടത്തുമെന്നും 2025ൽ കമൽ ഹാസന് രാജ്യസഭ സീറ്റ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.