ഹിറ്റ്ലറുടെ കോൺസൺട്രേഷൻ ക്യാമ്പിനേക്കാൾ ക്രൂരമായാണ് എസ്.എഫ്.ഐ സിദ്ധാർത്ഥനോട് പെരുമാറിയതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഇനിയൊരു സിദ്ധാർത്ഥനുണ്ടാകരുതെന്ന് സിപിഎമ്മും എസ്.എഫ്.ഐയും തീരുമാനിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സിദ്ധാർത്ഥന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരത്തിനിടെ സംസാരിക്കുകയായിരുന്നു രാഹുൽ.
സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രി സി.ബി.ഐ. അന്വേഷണം ഉറപ്പുനൽകിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ.എസ്.യു. പ്രസിഡന്റുമാർ നടത്തിവരുന്ന നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് സിദ്ധാർത്ഥന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു. നേതൃത്വവുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും രാഹുൽ അറിയിച്ചു.