പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട കൊച്ചു കൊട്ടേജുകളും, ആഡംബര ബംഗ്ലാവുകളും നിറഞ്ഞ കൊച്ചു പട്ടണമായതുകൊണ്ട് ഒരു കാലത്ത് പെൻഷനേഴ്‌സ് പാരഡൈസ് എന്നറിയപ്പെട്ടിരുന്ന നഗരമായിരുന്നു ബംഗളൂരു. എന്നാൽ ഇന്ന് ഒരിറ്റ് ദാഹജലം ലഭിക്കണമെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കണം. വേനൽക്കാലം പടിവാതിൽക്കൽ എത്തിയതേയുള്ളൂ, ഇതിനോടകം തന്നെ ഇന്ത്യയുടെ ഐടി ഹബ്ബായ ബംഗളൂരുവിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ഒരു കോടിയിലധികം പേർ തിങ്ങിപ്പാർക്കുന്ന ബംഗളൂരുവിൽ പത്ത് ലക്ഷത്തിലേറെയും മലയാളികളാണ്. കൃത്യമായി മഴ ലഭിക്കാത്തതോടെ ഭൂഗർഭജലം കുറഞ്ഞു, കുഴൽകിണറുകൾ വറ്റിവരണ്ടു, ജലവിതരണം തടസപ്പെട്ടു… ഒഴിഞ്ഞ ബക്കറ്റുകളും കുടങ്ങളുമായി ബംഗളൂരു ജനത വെള്ളത്തിനായി നീണ്ട ക്യൂകളിൽ അക്ഷമരായി നിൽക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജല പ്രതിസന്ധിക്കാണ് ബംഗളൂരു സാക്ഷ്യം വഹിക്കുന്നത്