അതിർത്തിയിൽ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ആറ് പിനാക റെജിമെന്‍റുകൾ സ്ഥാപിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിൽ രണ്ടെണ്ണമാണ് വടക്കൻ ചൈന അതിർത്തിയിലും കിഴക്കൻ ലഡാക്കിൽ ഇന്ത്യ ചൈന നിയന്ത്രണരേഖയിലും സ്ഥാപിക്കാൻ അനുമതിയായത്. ഈ രണ്ട് റെജിമെന്‍റുകളിലേക്കുമുള്ള സൈനിക ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക പരിശീലനം നൽകിവരികയാണ്. ആറ് മാസത്തിനുള്ളിൽ ഇവരുടെ പരിശീലനം പൂർത്തിയാകുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസബിൾ റിപ്പോർട്ട് ചെയ്യുന്നു.
പിനാക മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചിൽ നിന്നും 44 സെക്കൻഡിനുള്ളിൽ 40 കിലോമീറ്റർ ദൂരപരിധിയുള്ള 12 റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. റഷ്യയിൽ നിന്നുള്ള ഗ്രാഡ് ബിഎം-21 റോക്കറ്റ് സംവിധാനമാണ് ഇന്ത്യ നിലവിൽ ഉപയോഗിക്കുന്നത്. ഇത് ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ തദ്ദേശീയമായി റോക്കറ്റ് ലോഞ്ച് റെജിമെന്‍റുകൾ സ്ഥാപിക്കുന്നത്. പാക്കിസ്ഥാന്‍റെ പടിഞ്ഞാറൻ അതിർത്തിയിലും ചൈനയുടെ വടക്കൻ അതിർത്തിയിലും ഇന്ത്യൻ സൈന്യത്തിന് നാല് പിനാക റെജിമെന്‍റുകളുണ്ട്.
2018-ൽ ആണ് പ്രതിരോധ മന്ത്രാലയം ആറ് പിനാക റെജിമെന്‍റുകൾ സ്ഥാപിക്കാൻ അനുമതി നൽകിയത്. 2020-ൽ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ), ടാറ്റ പവർ കമ്പനി ലിമിറ്റഡ്, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയുമായി കേന്ദ്ര സർക്കാർ പിനാക്ക റോക്കറ്റ് ലോഞ്ചേഴ്സ് നിർമ്മാണത്തിനായി കരാർ ഒപ്പിട്ടു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2580 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. ആറ് റെജിമെന്‍റുകളും 2024 ലോഞ്ച് ചെയ്യാനായിരുന്നു പ്രതിരോധമന്ത്രായത്തിന്‍റെ തീരുമാനം. എന്നാൽ നിലവിൽ രണ്ട് പിനാക മൾട്ടിപ്പിൾ ലോഞ്ചറുകളാണ് സ്ഥാപിക്കുന്നത്.