കൊച്ചി: ഗുരുവായൂർ ദേവസ്വത്തിൽ ആദായനികുതി വകുപ്പിന്റെ ടിഡിഎസ് (സ്രോതസ്സിൽനിന്ന് നികുതി) പരിശോധന. നികുതി അടയ്ക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയെന്നും വലിയ വീഴ്ചകളുണ്ടെന്നും അവ പരിശോധിച്ചുവരികയാണെന്നും ആദായ നികുതി വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദേവസ്വം അക്കൗണ്ടിങ് ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ദേവസ്വത്തിൽ ഓഡിറ്റ് നടക്കുന്നില്ലെന്നും കൃത്യമായ വരവു ചെലവു കണക്കുകൾ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയതായാണ് ആദായനികുതി വകുപ്പിന്റെ വെളിപ്പെടുത്തൽ.
തങ്ങൾ അയച്ച നിയമപരമായ നോട്ടീസുകൾക്ക് മറുപടി നൽകാത്തതിനെ തുടർന്നായിരുന്നു സർവേയെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തുടങ്ങിയ പരിശോധന ചൊവ്വാഴ്ച പുലർച്ചെ 3 മണിക്കാണ് അവസാനിച്ചത്. കൊച്ചി ആദായനികുതി വകുപ്പ് ടിഡിഎസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥർ അടക്കം 10 ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.