24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൂരാച്ചുണ്ട് ഹർത്താൽ, അതിരപ്പിള്ളിയിൽ കരിദിനം; വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും സംസ്കാരം ഇന്ന്
Uncategorized

കൂരാച്ചുണ്ട് ഹർത്താൽ, അതിരപ്പിള്ളിയിൽ കരിദിനം; വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും സംസ്കാരം ഇന്ന്

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇന്നലെ രണ്ട് ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച പാലാട്ടിയിൽ അബ്രഹാമിന്‍റെയും അതിരപ്പള്ളിയിൽ കാട്ടന ചവിട്ടിക്കൊന്ന വത്സയുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ശേഷം സംസ്കരിക്കും.

കോഴിക്കോട് കക്കയത്താണ് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ അബ്രഹാം മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപ യാത്രയായി കക്കയത്തേക്ക് കൊണ്ട് പോകും. വൈകീട്ട് നാല് മണിയോടെ കക്കയം പള്ളിയിലാകും സംസ്കാര ചടങ്ങുകൾ.

കുടുംബത്തിന് ഇന്ന് തന്നെ സഹായധനമായ 10 ലക്ഷം നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടിക്കാൻ ആണ് വനം വകുപ്പിൻ്റെ തീരുമാനം. തുടർച്ചയായി കാട്ടുപോത്ത് ആക്രമണം ഉണ്ടാകുന്നതിനാൽ ഭീതിയിലാണ് കക്കയത്തെ ജനങ്ങൾ. ഇന്നലെ വൈകീട്ട് കൃഷിയിടത്തിൽ വച്ചാണ് അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കക്കയത്തും കോഴിക്കോടും ഉണ്ടായത്. യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു. ഇന്ന് കൂരാച്ചുണ്ട് പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതിരപ്പിള്ളിയില്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സ എന്ന എഴുപത്തിയഞ്ചുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. രാവിലെ ചാലക്കുടി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും. മേഖലയില്‍ കരിദിനമാചരിക്കാന്‍ കോണ്‍ഗ്രസും ആഹ്വാനം ചെയ്തിട്ടുണ്ട്.
വാച്ചുമരം കോളനിയിലെ ആദിവാസി മൂപ്പന്‍ രാജനെയും ഭാര്യ വത്സയെയും ഇന്നലെ ഉച്ചയോടെയാണ് കൊല്ലത്തിരുമേട് സ്റ്റേഷന് കീഴിലുള്ള നീളപ്പാറ വനമേഖലയില്‍ വച്ച് കാട്ടാന ആക്രമിച്ചത്. മരോട്ടിക്കായ പെറുക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. കാട്ടില്‍ നിന്ന് പുറത്തെത്തിയ രാജനാണ് വനപാലകരെ വിവരമറിയിച്ചത്. വനപാലകരാണ് മൃതദേഹം പുറത്തെത്തിച്ചത്. വത്സയുടെ സംസ്കാരച്ചടങ്ങുകള്‍ വനസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കും. സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം വാഴച്ചാല്‍ ഡിഎഫ്ഒ ആദ്യഗഡു ധനസഹായമായി അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറും.

Related posts

രൺജിത്ത് ശ്രീനിവാസൻ വധം: 15 പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് കേരള നീതിന്യായ ചരിത്രത്തിൽ ആദ്യം

Aswathi Kottiyoor

വയനാട്ടില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി;ലോണ്‍ ആപ്പ് ഭീഷണിയെന്ന് സംശയം

Aswathi Kottiyoor

നിടുംപൊയിൽ മാനന്തവാടി റോഡിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox