അതിനിടെ എബ്രഹാമിന്റെ കുടുംബം ജില്ലാ കലക്ടർക്ക് ആവശ്യങ്ങൾ എഴുതി നൽകി. കോഴിക്കോട് ഡിഎഫ്ഒയെയും പെരുവണ്ണാമൂഴി റെയ്ഞ്ചറെയും പിരിച്ച് വിടണം എന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇവർക്ക് എതിരെ മനപൂർവ്വമായ നരഹത്യക്ക് കേസ് എടുക്കണം. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം. സഹായധനമായി കുടുംബത്തിന് 50 ലക്ഷം രൂപ നൽകണം. ഇതിൽ തന്നെ 25 ലക്ഷം രൂപ ഒരു ദിവസത്തിനകം നൽകണം. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാമിനെ ഇന്നലെ രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരണം സംഭവിച്ചു.
എബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടെത്തി മയക്ക് വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ഉയർന്ന താപനില കാരണം കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ട്. ജനങ്ങളാരും വനത്തിൽ പ്രവേശിക്കരുതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എബ്രഹാമിന്‍റെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.