24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വീര്യം കുറക്കാൻ നികുതി കുറയ്ക്കുമോ? വീര്യം കുറഞ്ഞ ‘റെഡി ടു ഡ്രിങ്ക്’ മദ്യവിൽപ്പനക്ക് അനുമതി നല്‍കാൻ സർക്കാർ
Uncategorized

വീര്യം കുറക്കാൻ നികുതി കുറയ്ക്കുമോ? വീര്യം കുറഞ്ഞ ‘റെഡി ടു ഡ്രിങ്ക്’ മദ്യവിൽപ്പനക്ക് അനുമതി നല്‍കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനക്ക് അനുമതി നൽകാൻ സർക്കാർ. മദ്യ ഉല്‍പാദകരുടെ ആവശ്യം അംഗീകരിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ആവശ്യത്തെ നേരത്തെ ശക്തമായി എതിർത്ത നികുതി കമ്മീഷണർ അവധിയിൽ പ്രവേശിച്ചു. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം. ഏറെ കാലമായി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് സമ്മർദ്ദം ശക്തമാക്കിയത്.

നിലവില്‍ കെയ്സിന് 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 251 ശതമാനമാണ് വിൽപ്പന നികുതി. 400 രൂപയ്ക്ക് താഴെയുള്ള മദ്യത്തിന് 245 ശതമാനം നികുതി. പലഘട്ടങ്ങളിൽ മദ്യവിലകൂട്ടിയതോടെ കെയ്സിന് 400 രൂപയിൽ കുറഞ്ഞ ബ്രാൻഡ് മദ്യം സംസ്ഥാനത്ത് ഇപ്പോൾ വളരെ കുറവാണ്. 42.86 ശതമാനമാണ് സംസ്ഥാനത്ത് പുറത്തിറങ്ങുന്ന മദ്യത്തിലെ ആൽക്കഹോളിൻെറ അളവ്. ഇത് 20 ശതമാനമാക്കി കുറക്കുമ്പോള്‍ നികുതി ഇളവ് വേണമെന്നാണ് ആവശ്യം. വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാൽ വിൽപ്പനയും കൂടുമെന്നാണ് മദ്യ ഉൽപാദകരുടെവാദം. സ്ത്രീകള്‍, വിനോദ സഞ്ചാരികള്‍, ഐടി പാർക്കുകള്‍ എന്നിവിടങ്ങളിൽ കൂടുതലായി ഇത്തരം മദ്യം വാങ്ങുമെന്നാണ് മദ്യ ഉല്‍പാദകര്‍ ചർച്ചകളിൽ പറയുന്നത്.

കർണാടയിലും ആന്ധ്രയിലും റെഡി ടു ഡ്രിങ്ക് എന്ന രീതിയിൽ വീര്യം കുറഞ്ഞ മദ്യവില്‍പ്പന തുടങ്ങിയിരുന്നു. ഇത് സംസ്ഥാനത്തും തുടങ്ങണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം. എന്നാൽ, രണ്ട് തരം നികുതി കൊണ്ടുവന്നാൽ ഖജനാവിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് നികുതി വകുപ്പ് പറയുന്നത്. വിലകുറഞ്ഞ മദ്യം വിറ്റാൽ നികുതി ചോർച്ച ഉണ്ടാകില്ലേ എന്ന ആശങ്കയും നികുതി കമ്മീഷണർ അജിത് പാട്ടീൽ നേരത്തെ പല ചർച്ചകളിൽ ഉന്നയിച്ചിരുന്നു. പക്ഷെ സർക്കാർ മദ്യ ഉല്‍പാദകരുടെ ആവശ്യം നടപ്പാക്കാനാണ് ഒരുങ്ങുന്നത്.

അന്തിമതീരുമാനം എടുക്കാനുള്ള നീക്കത്തിനിടെയാണ് നികുതി കമ്മീഷണർ അവധിയിൽ പോയത്. അവധി അപേക്ഷ നേരത്തെ നൽകിയതാണെന്ന് നികുതി വകുപ്പ് വിശദീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിടുക്കത്തിലെ ഫയൽ നീക്കം മദ്യഉല്‍പാദകരിൽ നിന്നും ഫണ്ട് പിരിവിനാണെന്ന ആക്ഷേപവും ശക്തമാണ്. നവ കേരള സദസ്സിനും കേരളീയത്തിനും മദ്യ ഉല്‍പാദകര്‍ കയ്യയച്ച് സ്പോൺസർഷിപ്പ് തുക നൽകിയെന്ന വിവരമുണ്ട്. അതിനുള്ള നന്ദി സൂചകമായാണ് നികുതി കുറക്കാനുള്ള നീക്കമെന്ന വിവരവമുണ്ട്.

Related posts

പാലക്കാട് റെയില്‍വെ ഡിവിഷൻ അടച്ചു പൂട്ടാൻ നീക്കമെന്ന പ്രചാരണം; വിശദീകരണവുമായി ഡിആര്‍എം

Aswathi Kottiyoor

വാടക ക്വാര്‍ട്ടേഴ്സ് പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയില്‍

Aswathi Kottiyoor

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Aswathi Kottiyoor
WordPress Image Lightbox