പാലക്കാട് ഒലവക്കോട് വിദ്യാർത്ഥിയെ പരീക്ഷ എഴുതുന്നത് വിലക്കിയ സംഭവത്തിൽ റെയിൽവേ ഇന്റലിജൻസ് വിഭാഗം തെളിവെടുത്തു. മോഡൽ പരീക്ഷയിൽ മാർക്ക് കുറവായതിനാൽ പൊതുപരീക്ഷ എഴുതിച്ചില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. കളക്ടർ എസ് ചിത്ര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളിൽ വാങ്ങി വെച്ചിരുന്ന ഹാൾ ടിക്കറ്റ് വിദ്യാർത്ഥിക്ക് തിരികെ നൽകി.
മാർച്ച് ഒന്നിന് നടന്ന ഫിസിക്സ് പരീക്ഷയാണ് വിദ്യാർത്ഥിക്ക് വിലക്കിയത്. വിജയശതമാനത്തെ ബാധിക്കും എന്ന് കരുതി പരീക്ഷ എഴുതിച്ചില്ലെന്നാണ് പരാതി. മോഡൽ എക്‌സാമിൽ പരാജയപ്പെട്ട ഫിസിക്‌സ് പരീക്ഷക്ക് എത്തിയപ്പോഴാണ് ഹാൾ ടിക്കറ്റ് തടഞ്ഞുവെച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ട്വന്റിഫോർ വാർത്തയെ തുടർന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി സി ശിവൻകുട്ടി പറഞ്ഞു. ഒരു കുട്ടിക്ക് പരീക്ഷ വീണ്ടും നടത്താനാകില്ല. പക്ഷേ നീതിനിഷേധം ഉണ്ടായിട്ടുണ്ടെങ്കിൽ ഇക്കാര്യം അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഒലവക്കോട് റെയിൽവേ ഹയർസെക്കണ്ടറി സ്‌കൂളിലാണ് സംഭവം. മോഡൽ പരീക്ഷയിൽ മാർക്ക് കുറവായതിനാൽ 100 ശതമാനം വിജയമെന്ന നേട്ടത്തിൽ നിന്ന് പുറകോട്ട് പോകേണ്ടി വരുമെന്ന ആശങ്കയിൽ, തന്നെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയെന്നാണ് വിദ്യാർത്ഥിയുടെ പരാതി. ഹാൾ ടിക്കറ്റ് വാങ്ങിക്കാൻ രക്ഷിതാവിനൊപ്പം എത്തിയപ്പോൾ അസഭ്യവാക്കുകൾ പറഞ്ഞെന്നും വിദ്യാർത്ഥി പറയുന്നു