35.3 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി; മില്‍മ ഭരണം പിടിക്കാനുള്ള ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി
Uncategorized

സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി; മില്‍മ ഭരണം പിടിക്കാനുള്ള ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി

തിരുവനന്തപുരം: മില്‍മ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി. ക്ഷീര സംഘം സഹകരണ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കാത്തത് സര്‍ക്കാരിന് തിരിച്ചടിയായി. ഗവര്‍ണര്‍ ഒപ്പിടാതെ ഏഴു ബില്ലുകളാണ് രാഷ്ട്രപതിയ്ക്ക് അയച്ചത്. ക്ഷീര സംഘം സഹകരണ ബില്‍ കൂടി തള്ളിയതോടെ ഏഴു ബില്ലുകളില്‍ രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി. ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അധികാരം നല്‍കുന്നതായിരുന്നു ബില്‍. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാൻ ബില്‍ അധികാരം നല്‍കിയിരുന്നു. ഇതിലൂടെ മില്‍മയുടെ ഭരണം പിടിക്കാമെന്നായിരുന്നു സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. ഇതിനാണിപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.

സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഇതുവരെ ഒന്നിന് മാത്രമാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി നേരത്തെ അനുമതി നൽകിയിരുന്നില്ല. ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയക്കുകയായിരുന്നു. ക്ഷീര സംഘം സഹകരണ ബില്‍ കൂടി തള്ളിയതോടെ ഇനി രണ്ട് ബില്ലുകളില്‍ കൂടിയാണ് രാഷ്ട്രപതിയുടെ തീരുമാനം വരാനുള്ളത്.

അതേസമയം ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു. രാഷ്ട്രപതി തടഞ്ഞ ബില്ലുകൾ നടപ്പാകില്ലെന്നും ബില്ലുകൾക്ക് അംഗീകാരം നൽകാത്ത രാഷ്ട്രപതിയുടെ നടപടി ഇവ റദ്ദാകുന്നതിന് തുല്യമാണെന്നുമാണ് വിശദീകരണം. ലോകായുക്താ ബില്ലിനൊപ്പം സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് ഗവര്‍ണര്‍ അയച്ചത്. നിയമസഭാ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ഏറെ നാൾ ഒപ്പിടാതെ വെച്ച ശേഷം ഒപ്പിട്ട ശേഷമായിരുന്നു മറ്റ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ലെന്ന നിര്‍ണായക നിരീക്ഷണം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഗവര്‍ണറുടെ നീക്കം.

Related posts

കെഎസ്ആർടിസി ബസുകളിൽ ഗൂഗിൾ പേ; ഓൺലൈൻ പണമിടപാട് നടത്താം

Aswathi Kottiyoor

വീട്ടിലെ പ്രസവത്തിനിടെ ഗർഭിണിയും കുഞ്ഞും മരിച്ച സംഭവം; മുൻ‌കൂർ ജാമ്യം തേടി നയാസിന്റെ ആദ്യ ഭാര്യ റജീന

Aswathi Kottiyoor

സംസ്ഥാനത്ത് പരക്കെ മഴ മുന്നറിയിപ്പ്; ആറ് ജില്ലകളില്‍ യെലോ അലര്‍ട്ട്

WordPress Image Lightbox