27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ചീറിപ്പായാൻ റെഡിയായിക്കോ, കേരളാ റോഡുകളും സൂപ്പറാകുന്നു, ആലപ്പുഴയിൽ ദേശീയപാതയുടെ ഒരുഭാഗം തുറന്നു!
Uncategorized

ചീറിപ്പായാൻ റെഡിയായിക്കോ, കേരളാ റോഡുകളും സൂപ്പറാകുന്നു, ആലപ്പുഴയിൽ ദേശീയപാതയുടെ ഒരുഭാഗം തുറന്നു!

സംസ്ഥാനത്ത് ദേശീയപാതാവികസനം അതിവേഗതയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആലപ്പുഴയിൽ പുതുതായി ഉന്നത നിലവാരത്തിൽ നിർമിച്ച മൂന്നുവരി ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. പുറക്കാട് ഭാഗത്തു ടാർ ചെയ്‍ത ഇടത്താണു വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

2023 മേയ് മാസത്തിൽ ജില്ലയിലെ അഞ്ച് കിലോമീറ്ററിൽ ആറുവരി ദേശീയപാത പൂർത്തിയാക്കി ഗതാഗതം അനുവദിക്കുമെന്ന് അന്നത്തെ കലക്ടർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴാണു ടാറിംഗ് പൂർത്തിയാക്കി ഇവിടെ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. സ്ഥലമേറ്റെടുക്കുന്നതും മണ്ണ് ലഭിക്കാതെ വന്നതുമാണ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ വൈകിയതിന്‍റെ മുഖ്യ കാരണം.ദേശീയപാത നിർമാണ കാലാവധി അടുത്ത വർഷം ‌അവസാനിക്കും. ആലപ്പുഴ ജില്ലയിൽ 83 കിലോമീറ്റർ നീളത്തിൽ ദേശീയപാത ഉണ്ട്. എന്നാൽ ഇതിൽ വെറും ആറ് കിലോമീറ്ററിൽ മാത്രമാണ് ഒരുഭാഗം ടാറിംഗ് ചെയ്യാനായത് എന്നത് ശ്രദ്ധേയമാണ്. ദേശീയപാത വികസനത്തിൽ മറ്റു ജില്ലകളെക്കാൾ ആലപ്പുഴ ഏറെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകൾ.

ഫെബ്രുവരി 19നാണു ദേശീയപാതയിൽ ടാറിംഗ് ആരംഭിച്ചത്. അമ്പലപ്പുഴ കരൂരിനും തോട്ടപ്പള്ളിക്കുമിടയിലുള്ള ഭാഗത്തു നിലവിലെ ദേശീയപാതയ്ക്കു കിഴക്കായി ഏറ്റെടുത്ത സ്ഥലത്താണു ടാർ ചെയ്‍ത് ഗതാഗതയോഗ്യമാക്കിയത്. ഈ ഭാഗത്തു കൂടി വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയതോടെ ഇനി നിലവിലെ ദേശീയപാത ഭാഗം പൊളിച്ചുള്ള നവീകരണം ആരംഭിക്കും. നിലവിൽ പുറക്കാട് ഭാഗവും ആലപ്പുഴ ബൈപ്പാസ് ഭാഗവുമാണു ദേശീയപാത നിർമാണത്തിൽ ജില്ലയിൽ മുന്നിൽ നിൽക്കുന്നത്. നിലവിൽ ടാർ ചെയ്തെങ്കിലും ഇതിനു മുകളിൽ വേറെയും പാളികൾ ഇനിയും ടാർ ചെയ്‍ത് ഉറപ്പിക്കാനുണ്ട്.
മണ്ണിട്ടുയർത്തി ഗ്രാനുലാർ സബ് ബേസസ് നിരത്തിയതിനു മുകളിൽ സിമന്റ് ട്രീറ്റഡ് ബേസ് (സിടിബി) പാളികൾ ഉറപ്പിച്ച് അതിനു മുകളിലാണു ടാർ ചെയ്തത്. സിടിബി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ വെള്ളം കെട്ടിനിന്നു റോഡ് തകരാനുള്ള സാധ്യത കുറവാണ്. 13.5 മീറ്റർ വീതിയിൽ ടാർ വിരിക്കാനാകുന്ന മൾട്ടിപ്ലക്സ് പേവിങ് യന്ത്രം എത്തിച്ചാണ് ടാറിംഗ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ.

അടുത്തവർഷം പകുതിയോടെ ജില്ലയിൽ ആറുവരിപ്പാത പൂർത്തിയാക്കാവുന്ന വിധത്തിലാണ് പണി പുരോഗമിക്കുന്നത്. എന്നാൽ, മണ്ണെടുക്കുന്നതിനുള്ള നൂലാമാലകളും ഏറ്റെടുത്ത ഭൂമിയിലെ ചില കെട്ടിടങ്ങൾ പൊളിക്കാത്തതും കരാറുകാരെ വലയ്ക്കുകയാണ്. പറവൂർ-കൊറ്റുകുളങ്ങര ഭാഗത്ത് നിർമാണപുരോഗതി 30 ശതമാനത്തിനടുത്താണ്. ജില്ലയിൽ ആദ്യമായി ആറുവരിപ്പാതയുടെ ടാറിങ് തുടങ്ങിയത് ഈ റീച്ചിലെ അമ്പലപ്പുഴ കരൂരിലാണ്. അവിടെനിന്നു തോട്ടപ്പള്ളിവരെയുള്ള ഒൻപത് കിലോമീറ്ററിലെ ടാറിങ് പുരോഗമിക്കുകയാണ്. തോട്ടപ്പള്ളി സ്പിൽവേയിൽ മൂന്നുവരി ഗതാഗതം സാധ്യമാകുന്ന രണ്ടു പാലങ്ങൾ നിർമിക്കണം. ജില്ലയിൽ ദേശീയപാതയിലെ ഏറ്റവും വലിയപാലമാണിത്. ഇവിടെ പൈലിങ് പുരോഗമിക്കുന്നു. ഹരിപ്പാട് മാധവ ജങ്ഷൻ, ഗവ. ആശുപത്രി ജങ്ഷൻ, നങ്ങ്യാർകുളങ്ങര എന്നിവിടങ്ങളിൽ മേൽപ്പാലങ്ങളുടെ പണിയും നടക്കുന്നു. ചേപ്പാട്ട് 490 മീറ്റർ നീളത്തിലെ ഉയരപ്പാതയുടെ ജോലിയും അതിവേഗം പുരോഗമിക്കുകയാണ്. അടുത്തവർഷം പകുതിയോടെ ഈ റീച്ചിലെ നിർമാണം പൂർത്തിയാകും എന്നാണ് റിപ്പോര്‍ട്ടുകൾ.

Related posts

അഴീക്കോട്ട് ഒരുക്കങ്ങൾ തകൃതി എന്നെത്തും കപ്പൽ

Aswathi Kottiyoor

ഹെക്ടർ കണക്കിന് കയ്യേറ്റവും അനധികൃത നിർമാണങ്ങളും; മൂന്നാർ ദൗത്യസംഘത്തെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികൾ

Aswathi Kottiyoor

‘ആക്രമണം മുൻകൂട്ടി കാണാനായില്ല’; സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ

Aswathi Kottiyoor
WordPress Image Lightbox