തിരുവനന്തപുരം: തിരുവനന്തപുരത്ത് പേട്ടയിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ, നേരത്തെ മറ്റൊരു നാടോടികുട്ടിയെ ലക്ഷ്യമിട്ടു. കൊല്ലം പോളയതോട് റോഡരികിൽ കിടന്നുറങ്ങിയിരുന്ന കുട്ടിയെ എടുക്കാനായിരുന്നു ഹസൻ ശ്രമിച്ചത്. തട്ടിവീണ ഹസനെ നാടോടികൾ മർദിച്ചെങ്കിലും പൊലീസെത്തിയപ്പോൾ കേസില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. നാടോടികൾ പരാതി നൽകാത്തത് കൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രതി മൊഴി നൽകി. ഹസനെതിരെ കൂടുതൽ വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്. പോക്സോ, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി ഹസ്സൻകുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്. തട്ടിക്കൊണ്ടുപോയ ശേഷം കുട്ടി കരഞ്ഞപ്പോൾ ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്നാണ് ഇയാളുടെ മൊഴി. സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് പോയാലേ പ്രതി പറയുന്ന പല കാര്യങ്ങളിലും വ്യക്തത വരുത്താനാവൂവെന്ന് പൊലീസ് പറയുന്നു. അതിനാൽ സാക്ഷികളില്ലാത്ത കേസിൽ തെളിവെടുപ്പ് നിർണായകമാണ്. റിമാൻഡ് ചെയ്ത ശേഷവും പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് അപേക്ഷ നൽകും. ഇന്നലെയാണ് കൊല്ലത്ത് നിന്നും പ്രതിയെ പിടികൂടിയത്. സിഡബ്ല്യുസിയിൽ സംരക്ഷണയിലുള്ള രണ്ടു വയസുകാരിയെയും സഹോദരങ്ങളെയും മാതാപിതാക്കൾക്ക് വിട്ടുകൊടുക്കാനുള്ള നടപടിയും പൊലീസ് സ്വീകരിക്കും.