ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചതിന് തൊട്ടു പിന്നാലെ എംപിയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ബരാബങ്കി എംപിയായ ഉപേന്ദ്ര സിംഗ് റാവത്തിന്റെ അശ്ലീല വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ സീറ്റിൽ നിന്ന് തന്നെയാണ് എംപി വീണ്ടും ജനവിധി തേടുന്നത്. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം.
ഇന്നലെയാണ് സംഭവം. ഉപേന്ദ്ര സിംഗ് എംപിയുടെ “വ്യാജ” അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. എംപിയുടെ പേഴ്‌സണൽ സെക്രട്ടറി ദിനേശ് ചന്ദ്ര റാവത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉപേന്ദ്രി സിംഗിനെ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം എം.പിയുടെ പ്രതിച്ഛായ മോശമാക്കാൻ വേണ്ടി ചിലർ ചെയ്തതാണ് സംഭവമെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. എംപിയുടെ സ്ത്രീയ്ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തനിക്ക് സ്ഥാനാർത്ഥിത്വം ലലഭിച്ചതിന് തൊട്ടുപിന്നാലെയാണ് തന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചതെന്ന് ഉപേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. പെട്ടെന്ന് കേസിലെ കുറ്റവാളിയെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക. ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. വാരാണസിയിൽ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി ജനവിധി തേടുന്നത്. 2019 ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അഭ്യൂഹങ്ങളെ തെറ്റിച്ച് കൊണ്ടാണ് മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക എന്ന പ്രഖ്യാപനം വന്നത്.