23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കോഴിക്കോട് എൻഐടിയുമായി കൈകോർത്ത് ആസ്റ്റർ മെഡ്‌സിറ്റി
Uncategorized

കോഴിക്കോട് എൻഐടിയുമായി കൈകോർത്ത് ആസ്റ്റർ മെഡ്‌സിറ്റി

പഠനം, ഗവേഷണം, സാങ്കേതിക വികസനം എന്നിവയിൽ സഹകരണം ലക്ഷ്യമിട്ടുകൊണ്ട് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയും ധാരണാപത്രം ഒപ്പിട്ടു. ബയോഎഞ്ചിനീറിങ്ങിൽ രാജ്യത്തെ മുൻനിരസ്ഥാപനമെന്ന നിലയിലുള്ള കോഴിക്കോട് എൻഐടിയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് നീക്കം. അധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും കൂടുതൽ അവസരങ്ങൾ ലഭ്യമാകും.

ആരോഗ്യരംഗത്തെ സ്ഥാപനങ്ങൾക്ക് അവരുടെ ചികിത്സാസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിരന്തരം സാങ്കേതികസഹായം ആവശ്യമാണ്. നിലവിലുള്ള സംവിധാനങ്ങൾ കാലത്തിനൊത്ത് പരിഷ്കരിക്കുകയും വേണം. ഇതിനാവശ്യമായ ഗവേഷണത്തിൽ വലിയ സാദ്ധ്യതകൾ തുറന്നിടുന്നതാണ് ഈ സഹകരണമെന്ന് എൻഐടി കോഴിക്കോട് ഡയറക്ടർ പ്രൊഫ. പ്രസാദ് എം കൃഷ്ണ പറഞ്ഞു. ഇമേജ് പ്രോസസിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ രംഗങ്ങളിൽ ആസ്റ്റർ മെഡ്സിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കും.

ആരോഗ്യരംഗത്തെ ഉന്നതസ്ഥാപനമായ ആസ്റ്റർ മെഡ്‌സിറ്റി, നൂതനവും സങ്കീർണവുമായ ചികിത്സയ്ക്ക് പ്രാപ്തമായ ആശുപത്രികളിലൊന്നാണ്. JCI, NABH അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വിവിധ രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നെറ്റ്‌വർക്കിന്റെ ഭാഗമാണ് കൊച്ചിയിൽ പ്രവർത്തിക്കുന്ന ആസ്റ്റർ മെഡ്‌സിറ്റി. ലോകമെമ്പാടും ഗവേഷണത്തിലൂടെ ആരോഗ്യസേവനങ്ങളും ചികിത്സാരീതികളും വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ഡാറ്റ മാനേജ്‌മന്റ്‌, റിമോട്ട് മോണിറ്ററിങ്, പ്രിസിഷൻ മെഡിസിൻ, എഐ, റോബോട്ടിക്‌സ്, മരുന്നുകളുടെ ഗവേഷണം, എച്ച്ഐഇ, ബ്ലോക്ക്ചെയിൻ എന്നിവയിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്.

ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ മറ്റുരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിന് വൻതുകയാണ് ചെലവുവരുന്നത്. ഈ സാമ്പത്തികഭാരം സാധാരണക്കാരായ രോഗികൾക്കും പങ്കിടേണ്ടി വരുന്നു. അതുകൊണ്ടാണ് ഇന്ത്യയിൽ ചികിത്സയ്ക്ക് ചെലവേറുന്നതെന്ന് ആസ്റ്റർ ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നയിക്കുന്ന വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു. സാങ്കേതികരംഗത്ത് അത്യുന്നത നിലവാരമുള്ള എൻഐടി കോഴിക്കോടുമായുള്ള സഹകരണം തദ്ദേശീയമായി മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുമെന്നും ചികിത്സാചെലവുകൾ കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതനിലവാരമുള്ള ഗവേഷണത്തിനും പഠനത്തിനും പരിശീലനത്തിനും ആവശ്യമായ അന്തരീക്ഷമൊരുക്കുന്നതിനും ഇരുസ്ഥാപനങ്ങളും അവരുടെ അടിസ്ഥാനസൗകര്യങ്ങൾ പങ്കുവെയ്ക്കും. ഇന്റേൺഷിപ്പുകൾ, അധ്യാപനം, അക്കാദമിക് പ്രോഗ്രാമുകൾ എന്നിവയിലും ഏകോപനമുണ്ടാകും.

എൻഐടി കോഴിക്കോട് സെന്റർ ഫോർ ഇൻഡസ്ട്രി-ഇന്സ്ടിട്യൂഷനൽ റിലേഷൻസ് അധ്യക്ഷൻ ഡോ. ജോസ് മാത്യുവും ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിനുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ആസ്റ്റർ മെഡ്‌സിറ്റി റിസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ. ഉമ ശങ്കർ, എൻഐടി കോഴിക്കോട് കരിയർ ഡെവലപ്മെന്റ് സെന്റർ അധ്യക്ഷൻ ഡോ. പ്രവീൺ ശങ്കരൻ, എൻഐടിസി രജിസ്ട്രാർ ഡോ. എംഎസ് ശ്യാംസുന്ദർ, അക്കാദമിക് ഡീൻ പ്രൊഫ. എ. വി ബാബു, റിസർച്ച് ആൻഡ് കൺസൾട്ടൻസി ഡീൻ പ്രൊഫ. സന്ധ്യ റാണി എന്നിവർ പങ്കെടുത്തു.

Related posts

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

Aswathi Kottiyoor

ബിവറേജ് ഔട്ട്ലെറ്റിൽ മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം; പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമം

Aswathi Kottiyoor

7 ജില്ലകളിൽ വേനൽമഴ, രണ്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox