തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹമുണ്ടെന്ന് കെ.സുധാകരൻ സ്ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചു. കേരളത്തിലെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ നിലപാട്.നേരത്തെ, കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല കാര്യക്ഷമമായി നിർവഹിക്കാൻ ജന പ്രതിനിധിയെന്ന ചുമതല തടസമാണെന്നും അതിനാൽ വീണ്ടും മത്സരിക്കാനില്ലെന്നുമായിരുന്നു സുധാകരൻ പറഞ്ഞിരുന്നത്. എന്നാൽ കണ്ണൂരിൽ സി.പി.എം ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കിയ സാഹചര്യത്തിലാണ് സ്ഥാനാർഥിയായി സുധാകരൻ തന്നെ വേണമെന്ന സമ്മർദം ശക്തമായത്.
അതേ സമയം കണ്ണൂരിൽ ജയിച്ചാലും തോറ്റാലും തന്റെ കെ.പി.സി.സി അധ്യക്ഷ പദവിയ്ക്ക് ഭീഷണിയാണെന്ന തിരിച്ചറിവ് സുധാകരനുണ്ട്. ജയിച്ചാൽ ഇരട്ടപദവി പ്രശ്നവും തോറ്റാൽ ധാർമികതയും സ്ഥാനം തെറിക്കൻ കാരണമാകും. മാത്രമല്ല വി.ഡി.സതീശൻ അടക്കം കേരളത്തിലെ പ്രധാനനേതാക്കളിൽ പലർക്കും സുധാകരൻ്റെ പ്രവർത്തന രീതിയോട് വിയോജിപ്പുണ്ടു താനും. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന കാര്യം സുധാകരന് മത്സരിക്കും മുൻപേ പാര്‍ട്ടി സ്ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചത്.