സ്മാർട്ട് ഫോൺ വിപണിയെ സംബന്ധിച്ച് 2023 ഏറ്റവും മികച്ച ഫോണുകൾ എത്തിയ വർഷം കൂടിയായിരുന്നു. ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സ്, സാംസങ്ങിന്റെ ഗാലക്സി എസ് 23 അൾട്രയും വിപണിയെ ഞെട്ടിച്ചിരുന്നു. എന്നാൽ 2023ലെ മികച്ച ഫോൺ ഇവ രണ്ടുമല്ല. മൊബൈൽ വേൾഡ് കോൺഗ്രസിൽ മികച്ച സ്മാർട്‌ഫോണിനുള്ള ഗ്ലോബൽ മൊബൈൽ അവാർഡ് സ്വന്തമാക്കിയിരിക്കുന്നത് ഗൂഗിളിന്റെ പിക്സൽ 8 സീരീസാണ്.
ഐഫോൺ 15 പ്രോ സീരീസ്, സാംസങിന്റെ എസ് 23 സീരീസ്, ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 5, വൺ പ്ലസ് ഓപ്പൺ തുടങ്ങിയ ഫോണുകളെ മറികടന്നാണ് ഈ നേട്ടം. മികച്ച പ്രകടനം, നൂതനത്വം ഉൾപ്പടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് പിക്‌സൽ ഫോണുകളെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത് എന്ന് ഗ്ലോമോ പുരസ്‌കാരം നൽകുന്ന ജിഎസ്എംഎ അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ മാസം ആയിരിരുന്നു ഗൂഗിൾ തങ്ങളുടെ പിക്സൽ 8 സീരീസ് ഫോണുകൾ അവതരിപ്പിച്ചത്. ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആണ് ഈ സീരീസിൽ ഗൂഗിൾ പുറത്തിറക്കിയിരുന്നത്. അപ്‌ഡേറ്റ് ചെയ്ത ക്യാമറയും ജനറേറ്റീവ് എഐ എഡിറ്റിങ് ഫീച്ചറുകളുമായാണ് പിക്‌സൽ 8 സീരീസ് എത്തിയത്.
ആദ്യമായാണ് ഗൂഗിൾ ഏറ്റവും മികച്ച സ്മാർട്‌ഫോണിനുള്ള പുരസ്‌കാരം നേടുന്നത്. ആദ്യമായി എഐ ഫീച്ചറുകൾ വാഗ്ദാനം ചെയ്ത ഫോൺ ആണ് ഗൂഗിളിന്റെ പിക്സൽ 8 ഫോണുകൾ. 2022ൽ ഏറ്റവും മികച്ച ഫോണായി തിരഞ്ഞെടുത്തത് ആപ്പിളിന്റെ ഐഫോൺ 14 പ്രോ മാക്സ് ആയിരുന്നു