20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കണ്ണൂർ പിടിക്കാൻ ജയരാജൻ ഇറങ്ങി, തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം
Uncategorized

കണ്ണൂർ പിടിക്കാൻ ജയരാജൻ ഇറങ്ങി, തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം

കണ്ണൂരിൽ സിപിഐഎമ്മിന്റെ അമരക്കാരനായ എം വി ജയരാജന് പാർട്ടി നൽകിയത് പുതിയ നിയോഗം.കണ്ണൂർ പാർലമെന്റ് മണ്ഡലം പിടിക്കുക.നിർണ്ണായകമായ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഏറ്റവും പ്രതീക്ഷകൾ നൽകുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കണ്ണൂർ.അവിടെ കരുത്തുറ്റ സ്ഥാനാർഥി വേണമെന്ന ചർച്ചയാണ് എം വി ജയരാജനിലേക്ക് എത്തിയത്.

അപ്രതീക്ഷിതമായി എം വി ജയരാജൻ എന്ന പേര് കേട്ടപ്പോൾ അധികമാരും വിശ്വസിച്ചില്ല. പാർട്ടിയെ അതിശക്തമായി മുന്നോട്ടു നയിക്കുന്ന നേതാവ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുമോ എന്നതായിരുന്നു പലരുടെയും സംശയം. കഴിഞ്ഞ തവണത്തെ പരാജയത്തിന്റെ കാരണം കൂടിയാണ് ഇത്തവണ എം വി ജയരാജനിലേക്ക് ചർച്ചകൾ എത്താൻ കാരണം.സിപിഎമ്മിന്റെ ഉരുക്കു കോട്ട എന്നറിയപ്പെടുന്ന തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നടക്കം പാർട്ടി വോട്ടുകളിൽ വൻ ചോർച്ചയുണ്ടായി.എം വി ജയരാജനെ പോലെ ഒരു നേതാവ് എത്തുമ്പോൾ ആ ചോർച്ച ഉണ്ടാകില്ലെന്ന് സിപിഎം ഉറപ്പിച്ചു.കഴിഞ്ഞ 5 വർഷത്തോളമായി സിപിഎമ്മിന്റെ കണ്ണൂരിലെ അമരക്കാരനാണ് എം വി ജയരാജൻ.ഓരോ ബ്രാഞ്ചുകളുമായും ബന്ധം സ്ഥാപിച്ച ജില്ലാ സെക്രട്ടറി.പാർട്ടി പ്രവർത്തകരുമായുള്ള ആ ഇഴയടുപ്പത്തിനൊപ്പം പൊതു സമൂഹവുമായുള്ള അടുത്ത ബന്ധം. ഇതെല്ലാമാണ് എം വി ജയരാജനെ സംഘടന തലത്തിൽ നിന്നും പാർലമെന്ററി സംവിധാനത്തിലേക്ക് കൊണ്ട് വരാൻ സിപിഎം തീരുമാനിക്കാൻ ഉണ്ടായ കാരണം.2019 ലെ പാർലമെന്ററി തിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിക്ക് ശേഷം കണ്ണൂർ ജില്ലയിൽ പാർട്ടി നടത്തിയ തിരിച്ചു വരവ് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.ആദ്യം തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ഇടതു തരംഗം ആഞ്ഞു വീശി. 2021ൽ നിയമസഭ തിരഞ്ഞെടുപ്പിൽ നഷ്ട്ടപ്പെട്ട വോട്ടുകളെല്ലാം തിരിച്ചു പിടിച്ചു. ഒപ്പം യുവാക്കളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണ ആർജിക്കുകയും ചെയ്തു.

അഴീക്കോടടക്കം തിരിച്ചു പിടിച്ച് പാർലമെന്റ് മണ്ഡലത്തിലെ ആകെ വോട്ടു നിലയിൽ കണ്ണൂരിനെ കട്ട ചുവപ്പാക്കാൻ എം വി ജയരാജന്റെ നേതൃത്വത്തിന് കഴിയുകയും ചെയ്തു. ആ ആത്മ വിശ്വാസമാണ് സിപിഎമ്മിന്റെ കരുത്തും. നിയമ ബിരുദധാരിയാണ് എം വി ജയരാജൻ. 1996 ലും 2001 ലും എടക്കാട് നിന്നും നിയമസഭയിൽ എത്തിയ ജയരാജൻ ജനപ്രതിനിധി എന്ന നിലയിൽ തന്റെ കരുത്ത് തെളിയിച്ച 10 വർഷങ്ങൾ കൂടിയായിരുന്നു അത്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിലും സംഘടന മികവിന്റെ മറ്റൊരു തലം പ്രകടിപ്പിച്ചു.കേരളത്തിൽ ആദ്യമായി റെയിൽവെ പാളത്തിൽ മനുഷ്യ ശ്രിംഗല ഫി വൈ എഫ് ഐ നടത്തിയത് ജയരാജൻ സംസ്ഥാന സെക്രട്ടറി ആയിരിക്കെ ആയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് ജയരാജൻ ഉണ്ടായിരുന്നു. ഒരു വിവാദവും ഉണ്ടാക്കാതെയാണ് ആ സ്ഥലത്തും എം വി ജയരാജൻ തിളങ്ങിയത്. ലോകസഭ തെരഞ്ഞെടുപ്പിൽ പി ജയരാജൻ വടകരയിൽ സ്ഥാനാർഥിയായതോടെ കണ്ണൂരിലെ പാർട്ടിയെ നയിക്കാൻ എം വി ജയരാജൻ എത്തുകയായിരുന്നു. പുതിയ നിയോഗവും ഏറ്റെടുക്കാൻ ജയരാജൻ ഒരുങ്ങിക്കഴിഞ്ഞു. ജയം ഉറപ്പെന്ന ആത്മ വിശ്വാസമാണ്.

സിപിഎം ജില്ലാ സെക്രട്ടറി എന്നതിനപ്പുറം എല്ലാവരുമായും അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ജയരാജന്റെ പ്രധാന സവിശേഷത. ന്യായമായ ഏതു കാര്യത്തിനും ഒരാൾ സമീപിച്ചാൽ പാർട്ടി നോക്കാതെ ആരെയും സഹായിക്കുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. സിപിഎം ഓഫീസിൽ പാർട്ടി പ്രവർത്തകരെ മാത്രമല്ല കാണുക. ജീവിതത്തിന്റെ നാന തുറകളിൽ നിന്നുള്ളവർ എത്തും. അവരെയൊന്നും നിരാശരാക്കാനും എം വി ജയരാജൻ തയ്യാറല്ല. പാർട്ടി ചോദിച്ചു സഹായിക്കുന്ന രീതിയും എം വി ജയരാജനില്ല. അടിമുടി കമ്മ്യൂണിസ്റ്റായി നിൽക്കുമ്പോഴും പൊതു സ്വീകാര്യത നേടാനും എം വി ജയരാജന് കഴിഞ്ഞത് ഇതൊക്കെ കൊണ്ട് തന്നെയാണ്. സിപിഎം സ്ഥാനാർഥി നിർണ്ണായത്തിൽ പ്രധാന ഘടകമായതും ഇതൊക്കെ കൊണ്ട് തന്നെയാണ്.കണ്ണൂർ ഇത്തവണ ചുവക്കുമെന്ന് സഘാക്കൾ ആത്മാർത്ഥ വിശ്വാസത്തോടെ പറയുന്നതും ഈ കരുത്തുറ്റ സ്ഥാനാർഥിയുടെ പിൻബലത്തിലാണ്.ഗോദയിൽ എം വി ജയരാജൻ ഇറങ്ങി കഴിഞ്ഞു.കണ്ണൂരിൽ നടക്കാൻ പോകുന്നത് തീ പാറും പോരാട്ടം.രാഷ്ട്രീയ കേരളത്തിന്റെ ആകെ ശ്രദ്ധ കണ്ണൂരിൽ ഉണ്ടാകുമെന്ന് ഉറപ്പ്.

Related posts

കേരളത്തെ ഞെട്ടിച്ച് വീണ്ടും മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടൽ, 2 മാവോയിസ്റ്റുകൾക്ക് വെടിയേറ്റു?തോക്കുകൾ പിടികൂടി

Aswathi Kottiyoor

എറണാകുളത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

Aswathi Kottiyoor

അരിക്കൊമ്പന്‍റെ ‘കലിപ്പ്’, അന്നം മുടക്കി റേഷൻ കട ആക്രമിച്ചത് 11 തവണ, ഒടുവിൽ കാട് കയറ്റി, പുതിയ റേഷൻ കട റെഡി

Aswathi Kottiyoor
WordPress Image Lightbox