ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് 20വര്‍ഷം വരെ തടവ് ശിക്ഷ ഹൈക്കോടതി വിധിച്ചു. വിചാരണ കോടതി വിധിച്ച ശിക്ഷാകാലയളവ് ഉയര്‍ത്തികൊണ്ടാണ് ഹൈക്കോടതിയുടെ വിധി. കേസിലെ ഒന്നാം പ്രതിയായ എംസി അനൂപ് ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും ഹൈക്കോടതി ശിക്ഷിച്ചു. ഇവരുടെ ജീവപര്യന്തം തടവ് ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തുകയായിരുന്നു. പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നും കോടതി വിധിച്ചു. പുതുതായി കൊലപാതക ഗൂഡാലോനചയില്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെകെ കൃഷ്ണന്‍ (മുന്‍ ഒഞ്ചിയം ഏരിയ കമ്മിറ്റി), 12ാം പ്രതി ജ്യോതി ബാബു (കുന്നോത്ത് പറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി) എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണന്‍ സിജിത്ത്), കെ ഷിനോജ്, ഗൂഡാലോചനയില്‍ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രന്‍, 11ാം പ്രതി മനോജന്‍ (ട്രൗസര്‍ മനോജ്), 18ാം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്, കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി വിധിച്ചത്.
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ ഏഴാം പ്രതി എന്നിവര്‍ക്ക് കൊലപാതക ഗൂഡാലോചന കൂടി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നാണ് പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണിത്. രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും ഇത്തരം കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കിയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ വാദം കേള്‍ക്കുന്നതിനിടെ ആണ് പരമാര്‍ശം. ജയിലില്‍ വെച്ച് അടി ഉണ്ടാക്കിയ ആളുകള്‍ക്ക് എങ്ങനെ നവീകരണം ഉണ്ടാകുമെന്നും കോടതി ആരാഞ്ഞു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ അസാധാരണമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇനി തനിക്ക് ഭീഷണിയില്ലാതിരിക്കാനുള്ള വിധി വേണമെന്നാണ് കെകെ രമയുടെ ആവശ്യം. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളോട് വധശിക്ഷ അടക്കം നല്‍കാതിരിക്കാന്‍ കാരണം എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ അവനുവദിക്കണമെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമായിരുന്നു പ്രതികളുടെ വാദം. അതേസമയം, പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം, പ്രതികളുടെ മാനസിക, ശാരീരിക നില പരിശോധിച്ച ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിയിട്ടുണ്ട്. ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കെതിരെയും എട്ടാം പ്രതിയ്ക്ക് എതിരെയും ഗൂഢാലോചന കുറ്റം ഹൈക്കോടതി അധികമായി ചുമത്തിയിട്ടുണ്ട്. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരാണ് ഹൈക്കോടതി പുതുതായി കുറ്റക്കാരണെന്ന് കണ്ടെത്തിയവര്‍.