ആലപ്പുഴ: കായംകുളത്ത് യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയമര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തിനശിച്ചത്. ബസിന് കാലപ്പഴക്കമുണ്ടെന്ന് സംശയമുണ്ടെന്നും കെഎസ്ആര്‍ടിസിയിലെ പഴയ മുഴുവൻ ബസുകളും മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് ജോലികളിള്‍ ചെയ്യുന്ന മെക്കാനിക്കല്‍ ജീവനക്കാരെ പഴയ സ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. സൈലൻസറിന്‍റെ ഭാഗത്തു നിന്നാണ് ആദ്യം പുക കണ്ടതെന്ന് ആലപ്പുഴ ഡിടിഒ അശോക് കുമാര്‍ പറഞ്ഞു. യാത്രക്കാർ ഉടൻ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഉടൻ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ ഇറക്കുകയായാിരുന്നു. ഇലക്ടറിക് തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ബസ് കരുനാഗപ്പള്ളി നിന്ന് തൊപ്പുംപടിക്കു പോകുകയായിരുന്നുവെന്നും അശോക് കുമാര്‍ പറഞ്ഞു.