വന്യമൃഗ ആക്രമണങ്ങളില്‍ ജനങ്ങളുടെ ജീവൻ നഷ്ടമാകുകയാണെന്നും നഷ്ടപരിഹാരം കൃത്യമായി വേഗത്തില്‍ നല്‍കാനുള്ള നടപടിയുണ്ടാകണമെന്നും മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. നിലവില്‍ നഷ്ടപരിഹാരത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി ഭിക്ഷ യാചിക്കേണ്ട അവസ്ഥയാണുള്ളത്. ഇക്കാര്യത്തില്‍ ക്രിയാത്മകമായി സര്‍ക്കാര്‍ ഇടപെട്ട് കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണം. അങ്ങനെയാണെങ്കിലെ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് സ്നേഹം ഉണ്ടാകുകയുള്ളുവെന്നും പൊരുന്നേടം പറഞ്ഞു.
ഇതിനിടെ, ബേലൂർ മഖ്ന ദൗത്യം 100 മണിക്കൂർ പിന്നിടുമ്പോഴും പിടികൊടുക്കാതെ മോഴയാന സഞ്ചാരം തുടരുകയാണ്. കുങ്കികളും വനം ജീവനക്കാരും 5 ദിവസമായി ആളെകൊല്ലി ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചിട്ടും ഇതുവരെ ദൗത്യം പൂര്‍ത്തിയാക്കാനായിട്ടില്ല. ബാവലി, മണ്ണുണ്ടി, ഇരുമ്പ് പാലം ഭാഗങ്ങളിലായി തമ്പടിച്ചിരുന്ന മോഴ ഇന്നലെ രാത്രി പനവല്ലി ലക്ഷ്യമാക്കി നീങ്ങിയിരുന്നു. കൂടുതൽ കൃഷി സ്ഥലവും ജനവാസവുമുള്ള സ്ഥലത്തേക്കുള്ള നീക്കം ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് വനംവകുപ്പ്. തിങ്ങി നിറഞ്ഞ അടിക്കാടുകൾ തന്നെയാണ് ദൗത്യം നീളാൻ പ്രധാന കാരണം. ഇന്നലെ ബേലൂർ മഖനയ്ക്ക് ഒപ്പമുള്ള മോഴ ദൗത്യ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതിനാൽ, ശ്രദ്ധയോടെയാണ് ഓരോ നീക്കവും.