പാണാവള്ളി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ് അംഗം ധനേഷ് കുമാര്‍ ആണ് കക്ഷി. ചേർത്തല – അരൂക്കുറ്റി റോഡിൽ സി കെ വി. ആശുപത്രിക്കു സമീപം വഴിയോരത്താണ് ധനേഷ് കുമാറിന്റെ മീൻതട്ട്. ഓൺലൈൻ കച്ചവടവും നടത്തുന്നുണ്ട് ധനേഷിന്റെ തട്ടിൽ. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഓണ്‍ലൈന്‍ വിൽപന.
മീൻ വെട്ടിക്കൊടുക്കാൻ അമ്മ ഗിരിജ കൂടെയുണ്ട്. സുഹൃത്ത് അരുൺകുമാറും വിൽപ്പനയിൽ സഹായിക്കുന്നു. വാർഡിലും പഞ്ചായത്തിലും ജനപ്രതിനിധി എന്ന നിലയിൽ പോകുമ്പോൾ, കൂട്ടുകാരൻ മീൻ വിൽക്കും. കായൽ മീനും ഇവിടെ വിൽപനയുണ്ട്. വീട്ടിൽ പച്ചക്കറി കൃഷി, താറാവ് വളർത്ത് തുടങ്ങിയവ വേറെയും.
എന്നും പിറകിൽ സ്റ്റാൻഡ് പിടിപ്പിച്ച ബൈക്കുമായാണു ധനേഷ് കുമാർ പുലർച്ചെ രണ്ടിനു ചെല്ലാനം കടപ്പുറത്തെത്തുന്നത്. പുലർച്ചെ രണ്ടുമണിക്ക് ചെല്ലാനം കടപ്പുറത്തെത്തി അവിടെനിന്ന് മീൻ വാങ്ങി നാട്ടിലെത്തും. തിരക്കൊഴിഞ്ഞാൽ നേരെപഞ്ചായത്തിലേക്ക്. പഞ്ചായത്തിന്റെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. പൊതുപ്രവര്‍ത്തനത്തിന്റെ കാര്യത്തിലായാലും മീൻ വിൽപനയുടെ കാര്യത്തിലായാലും ധനേഷ് സൂപ്പറെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഡി വൈ എഫ് ഐ. ജില്ലാ കമ്മിറ്റി അംഗവും ചേർത്തല ഏരിയ പ്രസിഡന്റുമാണ് ധനേഷ് കുമാർ. പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡിൽ ലക്ഷ്മി നിവാസിൽ സുരേന്ദ്രൻ പിള്ളയുടെയും ഗിരിജയുടെയും മകനാണ്, ആര്യ ഭാര്യയും അഭിമന്യു, അൻവി എന്നിവർ മക്കളുമാണ്.